---
title: "ദിവസങ്ങളായി പിൻതുടർന്നു, ഒളിച്ചിരുന്ന് ആക്രമിച്ചു ; അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം "
english_title: "Anganwadi worker's death a murder after being followed, hidden and attacked for days."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366814/anganwadi-workers-death-a-murder-after-being-followed-hidden-and-attacked-for-days"
published_at: "2026-06-18T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33fc95cda19_1000646093.jpg"
keywords: []
---

# ദിവസങ്ങളായി പിൻതുടർന്നു, ഒളിച്ചിരുന്ന് ആക്രമിച്ചു ; അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം 

> **Lead Summary:** ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.

## Article Content

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു.

യുവതിയെ ദിവസങ്ങളായി പിൻതുടർന്നു, ഒളിച്ചിരുന്ന് ആക്രമിച്ച് കീഴ്പ്പെടുത്തിത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. ഇതിനിടെയാണ് ഇവിടുത്തെ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ പ്രതി നിരീക്ഷിക്കുന്നത്.

തുടർന്ന് ഇന്ന് രാവിലെ പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366814/anganwadi-workers-death-a-murder-after-being-followed-hidden-and-attacked-for-days)