---
title: "പിറവം നഗരസഭയിൽ മാലിന്യ സംസ്ക്കരണം പാളുന്നു ; യുഡിഎഫ് ഭരണ സമിതിക്കെതിരെ പ്രതിഷേധം"
english_title: "Waste management in Piravom Municipality is lagging; Protest against UDF governing committee."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365318/waste-management-in-piravom-municipality-is-lagging-protest-against-udf-governing-committee"
published_at: "2026-06-11T14:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a82c69dced_dasc.jpg"
keywords: []
---

# പിറവം നഗരസഭയിൽ മാലിന്യ സംസ്ക്കരണം പാളുന്നു ; യുഡിഎഫ് ഭരണ സമിതിക്കെതിരെ പ്രതിഷേധം

> **Lead Summary:** പിറവം : പിറവം നഗരസഭാ പരിധിയിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ പൂർണ്ണമായും അട്ടിമറിച്ച് യു.ഡി.എഫ് ഭരണസമിതി.

## Article Content

പിറവം : പിറവം നഗരസഭാ പരിധിയിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ പൂർണ്ണമായും അട്ടിമറിച്ച് യു.ഡി.എഫ് ഭരണസമിതി.

ഹരിതകർമസേന വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം പിറവം പള്ളിക്കാവിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൻതോതിൽ തള്ളുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പള്ളിക്കാവ് പരിസരത്തെ ഈ സ്വകാര്യ പറമ്പ് പൂർണ്ണമായും ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലാണ്. ഹരിതകർമ്മ സേന അംഗങ്ങൾ ഈ ചെളി ഉള്ള സ്ഥലത്ത് വച്ചാണ് മാലിന്യം വേർതിരിക്കൽ പ്രവർത്തി നടത്തുന്നത് നിലവിൽ.ഹരിതകർമ്മ സേന അംഗങ്ങളോട് യാതൊരു മാനുഷിക പരിഗണന പോലും ഈ യുഡിഫ് ഭരണ സമിതി നൽകുന്നില്ല.

പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി കെട്ടിവെച്ചിരിക്കുന്ന മാലിന്യങ്ങൾ മഴവെള്ളത്തിൽ കുതിർന്ന് ജീർണ്ണിച്ച അവസ്ഥയിലാണ് ഇവിടെ കിടക്കുന്നത്. കടുത്ത ദുർഗന്ധം വമിക്കുന്നതിന് പുറമേ, പ്രദേശത്തെ തെരുവ് നായ്ക്കൾ ഈ മാലിന്യച്ചാക്കുകൾ കടിച്ചുകീറി അവശിഷ്ടങ്ങൾ റോഡിലേക്കും പരിസരങ്ങളിലേക്കും വൻതോതിൽ പരത്തിയിരിക്കുകയാണ്. ഇത് കടുത്ത പരിസര മലിനീകരണത്തിനും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയുമായി മാറിയിരിക്കുന്നു.

​എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഈ മഴക്കാലത്ത്, ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത് ഇത്തരത്തിൽ ടൺ കണക്കിന് മാലിന്യം കുന്നുകൂടിക്കിടക്കുന്നത് വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മഴവെള്ളത്തോടൊപ്പം മാലിന്യത്തിൽ നിന്നുള്ള മലിനജലം സമീപത്തെ ജലാശയങ്ങളിലേക്കും കിണറുകളിലേക്കും ഒലിച്ചിറങ്ങാൻ തുടങ്ങിയതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും മലിനപ്പെട ഭീഷണിയിലാണ്. മുൻപ് എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിലിരുന്നപ്പോൾ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച്, കണ്ണീറ്റുമല മാലിന്യ സംസ്കരണ ശാലയിൽ എത്തിച്ച് ശാസ്ത്രീയമായ രീതിയിൽ സംസ്കരണത്തിനായി കൈമാറിയിരുന്നു. എന്നാൽ നിലവിലെ യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റെടുത്തതോടെ ഈ പ്രവർത്തനങ്ങളെല്ലാം പാടേ നിലച്ചു. കണ്ണീറ്റുമലയിലെ പ്ലാന്റിന്റെ പ്രവർത്തനം നിർജീവമാക്കുകയും, പകരം ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളി തടിയൂരാനുമാണ് നഗരസഭ ശ്രമിക്കുന്നത്.മാലിന്യസംസ്കരണ രംഗത്ത് നിലവിലെ യു.ഡി.എഫ് ഭരണസമിതി തീർത്തും പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് പള്ളിക്കാവിലെ ഈ ദുരവസ്ഥ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365318/waste-management-in-piravom-municipality-is-lagging-protest-against-udf-governing-committee)