---
title: "കാർ നിയന്ത്രണംവിട്ട്  പാഞ്ഞുകയറി ; ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം"
english_title: "A car lost control and sped away; a young man who was drinking tea in front of a bajji stall met a tragic end."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364785/a-car-lost-control-and-sped-away-a-young-man-who-was-drinking-tea-in-front-of-a-bajji-stall-met-a-tragic-end"
published_at: "2026-06-09T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a275df4d3edd_1000633487.jpg"
keywords: []
---

# കാർ നിയന്ത്രണംവിട്ട്  പാഞ്ഞുകയറി ; ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ( അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച് റോഡരികിലെ ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം.

## Article Content

( അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച് റോഡരികിലെ ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം.

കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡ് തകിടിവെളിയിൽ സുനിൽ കുമാറിൻ്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3:15ന് പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം.

കെട്ടിട നിർമാണത്തൊഴിലാളിയായ സുധീഷ് തിരുവല്ലയിലെ ബന്ധുവീട്ടിൽ ഭാര്യക്കൊപ്പം പോയശേഷം മുഹമ്മയിലെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. പഴവീട് ഭാഗത്ത് എത്തിയപ്പോൾ ബജ്ജിക്കടയിൽ ചായ കുടിക്കാൻ നിർത്തി.

ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യ കടയിലേക്ക് കയറി ചായ വാങ്ങി ബൈക്കിനടുത്തേക്ക് കൊണ്ടുവന്നു. ബൈക്കിൽ ചാരിനിന്ന് ചായ കുടിക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈതവനഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൺകൂനയും കടന്ന് വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്.

റോഡരികിൽ വാഹനം പാർക്ക് ചെയ്‌തശേഷം ചായ കുടിക്കാൻ എത്തിയവരുടെ ഓട്ടോയിലും സ്കൂട്ടറിലുമാണ് ഇടിച്ചത്. അതിനും കോടുപാടുണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364785/a-car-lost-control-and-sped-away-a-young-man-who-was-drinking-tea-in-front-of-a-bajji-stall-met-a-tragic-end)