---
title: "പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം"
english_title: "Youth attempts suicide in front of police station."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364580/youth-attempts-suicide-in-front-of-police-station"
published_at: "2026-06-08T05:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a260148092c9_1000632541.jpg"
keywords: []
---

# പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം

> **Lead Summary:** കളമശേരി : കളമശേരിയിലെ പൊലീസ് റേഞ്ച് ഡിഐജി ഓഫീസിനുസമീപം വൈദ്യുതിലൈനിൽ യുവാവിന്റെ ആത്മഹത്യാശ്രമം.

## Article Content

കളമശേരി : കളമശേരിയിലെ പൊലീസ് റേഞ്ച് ഡിഐജി ഓഫീസിനുസമീപം വൈദ്യുതിലൈനിൽ യുവാവിന്റെ ആത്മഹത്യാശ്രമം.

മധ്യപ്രദേശ് സ്വദേശി രാജകുമാറാണ് ഞായർ വൈകിട്ട് ആറോടെ വൈദ്യുതിത്തൂണിൽ കയറി ഇതിലൂടെ വലിച്ചിരിക്കുന്ന ടിവി കേബിൾ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കളമശേരി പൊലീസ് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി.

രാജകുമാർ കേബിൾകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ചാടാൻ ശ്രമിച്ചെങ്കിലും കുരുക്ക് മുറുകാത്തതിനാൽ ആദ്യശ്രമം പരാജയപ്പെട്ടു. വീണ്ടും കുരുക്കിടാൻ ശ്രമിക്കുമ്പോൾ അതുവഴി പോയ നാട്ടുകാർ കളമശേരി സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

ഇതോടെ പൊലീസ് കെഎസ്ഇബിയിൽ വിളിച്ച് വൈദ്യുതി വിച്ഛേദിപ്പിച്ചു. അഗ്നി രക്ഷാസേനയെയും അറിയിച്ചു. 11 കെവി ലൈൻ കടന്നുപോകുന്നതിന് തൊട്ടുതാഴെയായിരുന്നു ആത്മഹത്യാശ്രമം. കേബിളിലൂടെ നടന്ന് പോസ്റ്റിൽ നിന്ന് അകന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതിനിടെ പൊലീസ് കോൺക്രീറ്റ് മിക്സ്‌സിങ് ടാങ്കർ പോസ്റ്റിനടുത്തേക്ക് നിർത്തിയിട്ടു.

തുടർന്ന് ഇൻസ്പെക്‌ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ സിപിഒമാരായ ലിബിൻ കുമാർ, രതീഷ്, വിജേഷ്, രാജേഷ്, ഷാജഹാൻ എന്നിവർ യുവാവിനെ പിന്തിരിപ്പിച്ച് താഴെയിറക്കുകയായിരുന്നു. മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്നയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവാവ് മൂന്നുദിവസംമുമ്പാണ് കളമശേരിയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364580/youth-attempts-suicide-in-front-of-police-station)