---
title: "സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം"
english_title: "Six-year-old boy dies after falling into a puddle of water in a pit built for a septic tank."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364404/six-year-old-boy-dies-after-falling-into-a-puddle-of-water-in-a-pit-built-for-a-septic-tank"
published_at: "2026-06-07T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24edfa46d5a_1000631278.jpg"
keywords: []
---

# സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** കാസർകോഡ് : സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ആറു വയസുകാരൻ മരിച്ചു. മധൂർ മഞ്ചത്തടുക്കയിലെ മുഹമ്മദ് അയാൻ ഷാസിമാണ് മരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം.

## Article Content

കാസർകോഡ് : സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ആറു വയസുകാരൻ മരിച്ചു. മധൂർ മഞ്ചത്തടുക്കയിലെ മുഹമ്മദ് അയാൻ ഷാസിമാണ് മരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം.

വീടിന്റെ തൊട്ടടുത്ത് പുതുതായി പണി കഴിപ്പിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിലാണ് കുട്ടി വീണത്. കളിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെ നിർമാണത്തിലിരിക്കുന്ന വീട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ടാങ്കിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കുട്ടിയെ കണ്ടെത്തിയത്.

ഉടൻ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചത്തടുക്കയിലെ അഹമ്മദ് സാജിദിൻ്റെയും ആസമ്മയുടെയും മകനാണ് മരിച്ച മുഹമ്മദ് അയാൻ ഷാസിം. ഏഴു മാസം പ്രായമായ യസീം സാഹിദ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364404/six-year-old-boy-dies-after-falling-into-a-puddle-of-water-in-a-pit-built-for-a-septic-tank)