---
title: "ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച നിലയിൽ  "
english_title: "Class 9 student gang-raped and murdered; body doused with petrol and set on fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363511/class-9-student-gang-raped-and-murdered-body-doused-with-petrol-and-set-on-fire"
published_at: "2026-06-03T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fbc0959746_1000413355.png"
keywords: []
---

# ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച നിലയിൽ  

> **Lead Summary:** ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി.

## Article Content

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ട‌ങ്ങൾ ഗുസ്തേശ്വർ മലനിരകളിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഏതാനും ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ പ്രദേശത്ത് നിന്നും കാണാതായിരുന്നു. ഇത് സംബന്ധിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുന്നിൻപ്രദേശത്ത് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നും, കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്ദ് സ്വദേശിയായ രാമു ഗുർജാർ, ഇയാളുടെ കൂട്ടാളികളായ അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പ്രധാന പ്രതിയായ രാമു ഗുർജാർ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് ഗുസ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് മൂവരും ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുറ്റം പുറത്തറിയുമെന്ന ഭയത്താലാണ് പീഡനത്തിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

മേയ് 29-ന് കുട്ടിയുടെ തിരിച്ചറിയൽ രേഖകളും മറ്റ് തെളിവുകളും നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഗ്രാമത്തിൽ എത്തിച്ചതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് വൻ പ്രതിഷേധം നടത്തി. പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363511/class-9-student-gang-raped-and-murdered-body-doused-with-petrol-and-set-on-fire)