---
title: "ക്രൂര കൊലപാതകം ; പ്രണയിനിയുടെ ഒന്നരവയസ്സുകാരനായ മകനെ യുവാവ് നിലത്തടിച്ചുകൊലപ്പെടുത്തി"
english_title: "Brutal murder: A young man beat his girlfriend's one and a half year old son to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363036/brutal-murder-a-young-man-beat-his-girlfriends-one-and-a-half-year-old-son-to-death"
published_at: "2026-06-01T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ccbf83dbb3_1000623764.jpg"
keywords: []
---

# ക്രൂര കൊലപാതകം ; പ്രണയിനിയുടെ ഒന്നരവയസ്സുകാരനായ മകനെ യുവാവ് നിലത്തടിച്ചുകൊലപ്പെടുത്തി

> **Lead Summary:** ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പ്രണയിനിയുടെ ഒന്നരവയസ്സുകാരനായ മകനെ യുവാവ് അതിക്രൂരമായി നിലത്തടിച്ചുകൊലപ്പെടുത്തി. ഭർത്താവുമായി അകന്നു കഴിയുന്ന രതി എന്ന യുവതിയെ വിവാഹം കഴിക്കുന്നതിന് കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് വിരാജ് എന്ന യുവാവ് ഈ ക്രൂരകൃത്യം ചെയ്‌തത്.

## Article Content

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പ്രണയിനിയുടെ ഒന്നരവയസ്സുകാരനായ മകനെ യുവാവ് അതിക്രൂരമായി നിലത്തടിച്ചുകൊലപ്പെടുത്തി. ഭർത്താവുമായി അകന്നു കഴിയുന്ന രതി എന്ന യുവതിയെ വിവാഹം കഴിക്കുന്നതിന് കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് വിരാജ് എന്ന യുവാവ് ഈ ക്രൂരകൃത്യം ചെയ്‌തത്.

ക്രൂരമായ ഈ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുവീടിന് പുറത്തുള്ള വിജനമായ വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതും, തുടർന്ന് നിരന്തരമായി റോഡിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണത്തിന് ശേഷം ചലനമറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമിത്-രതി ദമ്പതികളുടെ മകൻ ആരവ് ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്‌ച രതി തന്റെ സ്വന്തം വീട്ടിൽ നിന്നും ഷിക്കോഹാബാദിലുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിരാജ്, കുട്ടിക്ക് മിഠായി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു.

തുടർന്നാണ് വിജനമായ വഴിയിൽ വെച്ച് കുഞ്ഞിനെ ക്രൂരമായി തറയിലടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കുകയും പ്രദേശങ്ങളിൽ കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഒടുവിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ കാലിന് പരിക്കേറ്റ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363036/brutal-murder-a-young-man-beat-his-girlfriends-one-and-a-half-year-old-son-to-death)