---
title: "ലഹരിസംഘത്തിനിടയിൽ സംഘർഷം ; അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം ,അഞ്ച് പൊലീസുകാർക്ക് പരിക്ക് "
english_title: "Clashes between drug gangs; Police officers who came to investigate were attacked, five police officers injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362833/clashes-between-drug-gangs-police-officers-who-came-to-investigate-were-attacked-five-police-officers-injured"
published_at: "2026-05-31T05:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b7a11cc041_1000622861.jpg"
keywords: []
---

# ലഹരിസംഘത്തിനിടയിൽ സംഘർഷം ; അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം ,അഞ്ച് പൊലീസുകാർക്ക് പരിക്ക് 

> **Lead Summary:** കാക്കനാട് : മരോട്ടിച്ചുവട് ബിസ്‌മി ഗാർഡൻ പരിസരത്ത് ലഹരിസംഘത്തിനിടയിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം.

## Article Content

കാക്കനാട് : മരോട്ടിച്ചുവട് ബിസ്‌മി ഗാർഡൻ പരിസരത്ത് ലഹരിസംഘത്തിനിടയിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം.

അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിനും കേടുപാടുകളുണ്ടായി. സംഭവത്തിൽ അഞ്ചുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിതേഷ് (34), തിരുവനന്തപുരം സ്വദേശികളായ അജ്‌മൽ (20), അൽത്താഫ് (21), പാലക്കാട് സ്വദേശി ഷംസുദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ ഉദയകുമാർ, തൃക്കാക്കര എസ്ഐ ബിബിൻ ജോൺ ബാബുജി, കൺട്രോൾ റൂം എസ്ഐ പി കെ ബിജു, സിവിൽ പൊലീസ് ഓഫീസർ ഷാബിൻ ഇബ്രാഹിം, എഎസ്ഐ ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്.

ശനി പുലർച്ചെയാണ് സംഭവം. വാടക വീട്ടിൽ ലഹരി ഉപയോഗിച്ചിരുന്നവർക്കിടയിൽ തർക്കവും അടിപിടിയും നടക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പട്രോളിങ് ► സംഘം ആദ്യം സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ യുവാക്കൾ സംഘംചേർന്ന് ♡ Π ആക്രമിക്കുകയായിരുന്നു. കല്ല്, ഇഷ്ടിക, വടി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ട‌ർ ഉദയകുമാറിന്റെ വലത് കൈയിലെ വിരലിന് പൊട്ടലുണ്ട്.

എസ്ഐ ബിബിൻ ജോൺ ബാബുജിയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തതായും പരാതിയുണ്ട്. റോഡിൽ കൂട്ടംകൂടി നിന്ന അക്രമിസംഘം ജീപ്പ് തടഞ്ഞുനിർത്തി പൊലീസിനെ വെല്ലുവിളിക്കുകയും വാഹനത്തിന്റെ വീൽക്കപ്പ് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു.

കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ കീഴിൽ നഗരത്തിലെ പ്രമുഖമാളിൽ ജോലി ചെയ്യുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362833/clashes-between-drug-gangs-police-officers-who-came-to-investigate-were-attacked-five-police-officers-injured)