---
title: "ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം ; ആന്തരിക അവയവങ്ങളിൽ രക്തസ്രാവം , രണ്ടാനച്ഛൻ കസ്റ്റഡിയിൽ "
english_title: "Death of one and a half year old boy murder; internal bleeding, stepfather in custody."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362816/death-of-one-and-a-half-year-old-boy-murder-internal-bleeding-stepfather-in-custody"
published_at: "2026-05-30T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1af97eb6a69_1000622584.jpg"
keywords: []
---

# ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം ; ആന്തരിക അവയവങ്ങളിൽ രക്തസ്രാവം , രണ്ടാനച്ഛൻ കസ്റ്റഡിയിൽ 

> **Lead Summary:** നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരനായ അർഷിദിൻ്റെ മരണത്തിൽ രണ്ടാനച്ഛൻ അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരനായ അർഷിദിൻ്റെ മരണത്തിൽ രണ്ടാനച്ഛൻ അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെടുമങ്ങാട് കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് മരിച്ച അർഷിദ്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ അഖിലയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം അർഷിദിന്റെ അച്ഛന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അഷ്‌കർ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ കുട്ടി പെട്ടെന്ന് ഛർദ്ദിച്ച് അവശനാവുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഈ സമയം അമ്മ അഖില ഒരു നൃത്ത പരിപാടിയുടെ ഭാഗമായി തമിഴ്‌നാട്ടിലായിരുന്നു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് അഷ്‌കർ പൊലീസിനോടും ഡോക്ടർമാരോടും പറഞ്ഞത്. എന്നാൽ, അഷ്കർ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് അഷ്കറും അഖിലയും നിയമപരമായി വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുമങ്ങാട് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362816/death-of-one-and-a-half-year-old-boy-murder-internal-bleeding-stepfather-in-custody)