---
title: "കിടപ്പുരോഗിയായ വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു ; സഹായിയും സുഹൃത്തും അറസ്റ്റിൽ"
english_title: "Bedridden elderly woman's gold ornaments stolen; helper and friend arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361994/bedridden-elderly-womans-gold-ornaments-stolen-helper-and-friend-arrested"
published_at: "2026-05-27T02:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a165484ad395_1000617694.jpg"
keywords: []
---

# കിടപ്പുരോഗിയായ വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു ; സഹായിയും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സഹായിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

## Article Content

മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സഹായിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

നോർത്ത് മാറാടി മഞ്ചേരിപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പൂമറ്റത്തിൽ മറിയാമ്മ(85)യുടെ സ്വർണമാലയും വളകളും കവർന്ന കേസിൽ വീട്ടിലെ സഹായി തമിഴ്‌നാട് മധുര സിന്ധുപ്പാട്ടി സ്വദേശിനി സുധ ശങ്കർ (38), ദിണ്ടിഗൽ മലയഗൗഡൻപാട്ടി സ്വദേശിനി ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷണം നടന്ന വീടിന് ഒന്നരക്കിലോമീറ്റർ അകലെയുള്ള വീട്ടിലെ ജോലിക്കാരിയായിരുന്ന ലക്ഷ്മിയെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. 24നായിരുന്നു കവർച്ച. ഇവിടെ അഞ്ചുമാസംമുമ്പാണ് സുധ ജോലിക്ക് എത്തിയത്.

സുധയും ലക്ഷ്മമിയും ചേർന്ന് കവർച്ച ആസൂത്രണംചെയ്‌തു. കവർച്ച നടന്നതിന്റെ തലേദിവസം ലക്ഷ്‌മി സുധയെ കാണാൻ മറിയാമ്മയുടെ വീട്ടിലെത്തി അവിടെ തങ്ങി. പിറ്റേന്ന് രാവിലെ എട്ടരയോടെ സമീപത്ത് താമസിക്കുന്ന മറിയാമ്മയുടെ സഹോദരനും കുടുംബവും പള്ളിയിൽ പോയെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു കവർച്ച.

ആൺവേഷം കെട്ടി എത്തിയ ലക്ഷ്മി മറിയാമ്മയുടെ അരികിലെത്തി കഴുത്തിലും കൈയിലുമുള്ള ആഭരണങ്ങൾ ഊരിയെടുത്തു. മറിയാമ്മ കരഞ്ഞ് ബഹളമുണ്ടാക്കിയപ്പോൾ അടുക്കളയിലായിരുന്ന സുധ ഓടിയെത്തി. മുൻകൂട്ടി ആസൂത്രണം ചെയ്‌തതുപ്രകാരം മുറിയോടുചേർന്ന ശുചിമുറിയുടെ വാതിലിന്റെ കൊളുത്ത് അഴിച്ചുമാറ്റിയിരുന്നു.

സുധ ഇവിടെ കയറിയ സമയം ലക്ഷ്മ‌ി ആളുകൾ എത്തുംമുന്പ് സ്വർണവുമായി പുറത്തിറങ്ങി പിൻഭാഗത്തെ മാലിന്യകൂമ്പാരത്തിൽ ഒളിപ്പിച്ചശേഷം രക്ഷപ്പെട്ടു. ലക്ഷ്‌മി പോയത് ഉറപ്പാക്കിയശേഷം ശുചിമുറിയിൽനിന്നിറങ്ങിയ സുധ മറിയാമ്മയുടെ സഹേദരനെ ഫോണിൽ വിളിച്ചുവരുത്തി. സഹോദരൻ എത്തിയശേഷം വിവരം പൊലീസിൽ അറിയിച്ചു.

തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി കേസെടുത്തു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ചും സുധയുടെ ഫോൺ വിവരങ്ങളും ശേഖരിച്ചായിരുന്നു പരിശോധന. തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. സുധയെ ചോദ്യംചെയ്തപ്പോൾ അന്വേഷണം വഴിതെറ്റിക്കുന്നതിന് സാങ്കൽപ്പിക കഥകളാണ് പൊലീസിനോട് പറഞ്ഞത്.

ആഭരണങ്ങൾ ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തു.സിഐ അനിൽ ജോർജിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361994/bedridden-elderly-womans-gold-ornaments-stolen-helper-and-friend-arrested)