---
title: "വീണ്ടും വാഹനാപകടം ; നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു , യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Another traffic accident; Out of control bike overturns into a ravine, young man miraculously survives."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361164/another-traffic-accident-out-of-control-bike-overturns-into-a-ravine-young-man-miraculously-survives"
published_at: "2026-05-23T10:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113a2127b50_1000612717.jpg"
keywords: []
---

# വീണ്ടും വാഹനാപകടം ; നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു , യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** കോലഞ്ചേരി : ആലുവ-കോലഞ്ചേരി റോഡിൽ വീണ്ടും വാഹനാപകടം.

## Article Content

കോലഞ്ചേരി : ആലുവ-കോലഞ്ചേരി റോഡിൽ വീണ്ടും വാഹനാപകടം.

നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പട്ടിമറ്റം വലമ്പൂർ സ്വദേശിയായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളി രാവിലെ എട്ടോടെ കടയിരുപ്പ് കാരിക്കോട് അമ്പലത്തിന് സമീപമായിരുന്നു അപകടം.

റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും ഇരുവശങ്ങളിലും കാടുകയറിമൂടിയതുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. ഇവിടത്തെ കലുങ്ക് വളരെ ഇടുങ്ങിയതും നേരത്തെ വാഹനാപകടങ്ങളിൽപ്പെട്ട് തകർന്നനിലയിലുമാണ്.

ഈ ഭാഗത്തെ അപകടങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പരാതി നൽകിയെങ്കിലും അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകളോ, ആവശ്യമായ പ്രതിരോധസംവിധാനങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ല.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപാതയാണിത്. കാൽനടക്കാരും വാഹനയാത്രക്കാരും ഒരുപോലെ ഭീതിയോടെയാണ് ഈ ഭാഗത്തുകൂടെ കടന്നുപോകുന്നത്. വലിയൊരു ദുരന്തം ഉണ്ടാകുന്നതിനുമുന്‌പ് പ്രദേശത്ത് എത്രയുംവേഗം ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി റോഡ് അപകടരഹിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361164/another-traffic-accident-out-of-control-bike-overturns-into-a-ravine-young-man-miraculously-survives)