---
title: "മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് ഭാര്യയെ വെട്ടി; യുവതിയുടെ നില ​ഗുരുതരം  "
english_title: "Drunk husband attacks wife with a machete; woman's condition criticalv"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360754/drunk-husband-attacks-wife-with-a-machete-womans-condition-criticalv"
published_at: "2026-05-21T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e9db80a032_ghuj.jpg"
keywords: []
---

# മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് ഭാര്യയെ വെട്ടി; യുവതിയുടെ നില ​ഗുരുതരം  

> **Lead Summary:** കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയതിനെ തുടർന്ന് ആദിവാസി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.

## Article Content

കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയതിനെ തുടർന്ന് ആദിവാസി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.

താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ മണൽവയൽ വെള്ളംകുന്ന് ആദിവാസി കോളനിയിലെ ഷിജിന (30) യ്ക്കാണ് തലയ്ക്ക് ക്രൂരമായ വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ഈ അക്രമ സംഭവം ഉണ്ടായത്.

പുറത്ത് ജോലിക്ക് പോയിരുന്ന ഷിജിന വൈകിട്ടോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഉടനെയായിരുന്നു ബിജുവിന്റെ ആക്രമണം.വീട്ടിൽ കയറിയ മദ്യപാനിയായ ബിജു, യാതൊരു പ്രകോപനവുമില്ലാതെ വാക്കത്തിയെടുത്ത് ഷിജിനയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ചോരയൊലിപ്പിച്ചു നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ ഷിജിനയെ പരിസരവാസികളും ബന്ധുക്കളും ചേർന്നാണ് അക്രമിയുടെ കൈയിൽ നിന്നും രക്ഷപ്പെടുത്തിയത്.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ യുവതിയെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഷിജിന.

ബിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് ഷിജിനയുടെ ബന്ധുക്കളും കോളനിവാസികളും ആരോപിക്കുന്നു. മുൻപും പലതവണ വീട്ടിൽ സമാനമായ രീതിയിൽ വലിയ വഴക്കുകൾ ഉണ്ടാക്കിയിട്ടുള്ള ആളാണ് ബിജു. മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ബിജുവിന്റെ പതിവാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360754/drunk-husband-attacks-wife-with-a-machete-womans-condition-criticalv)