---
title: "ആരോഗ്യവകുപ്പ് അധികൃതർരുടെ പരിശോധന ; ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു"
english_title: "Health Department officials inspect hotels; Stale food items seized."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360565/health-department-officials-inspect-hotels-stale-food-items-seized"
published_at: "2026-05-20T13:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d66bb54128_1000609778.jpg"
keywords: []
---

# ആരോഗ്യവകുപ്പ് അധികൃതർരുടെ പരിശോധന ; ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** വാഴക്കുളം : ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വാഴക്കുളം ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

## Article Content

വാഴക്കുളം : ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വാഴക്കുളം ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ഹോട്ടലിന് പ്രവർത്തനാനുമതി നിഷേധിച്ചു.

വാഴക്കുളം ടൗണിൽ പ്രവർത്തിക്കുന്ന 5 ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ടൗണിൻ്റെ കിഴക്കേ ഭാഗത്തുള്ള ഹോട്ടലിനാണ് അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

ഭക്ഷണം പാകംചെയ്‌ത്‌ സൂക്ഷിക്കുന്ന ഇടം തീർത്തും അനാരോഗ്യകരമായ അന്തരീക്ഷത്തിൽ വൃത്തിഹീനമായി പ്രവർത്തിക്കുകയായിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് അടച്ചിടാൻ അധികൃതർ ആവശ്യപ്പെട്ടത്.

ആരോഗ്യവിഭാഗം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് അധികൃതരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ തുടർന്നു പ്രവർത്തിക്കാൻ ഇവർക്ക് അനുമതി നൽകുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഈ ഹോട്ടലിനെ സംബന്ധിച്ച് നേരത്തേയും പരാതികൾ ഉണ്ടായിരുന്നു. ഇവിടെനിന്നും ഭക്ഷണം കഴിച്ച ഒരു സ്കൂൾ വിദ്യാർഥിക്ക് മൂന്നു മാസങ്ങൾക്കു മുൻപ് ഭക്ഷ്യവിഷബാധയുണ്ടായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പരാതിപ്പെട്ടിരുന്നു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് പിഴയീടാക്കും. വാഴക്കുളം ടൗൺ, മടക്കത്താനം പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്.

പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം അധികൃതരുടെ സഹകരണത്തോടെ നടത്തിയ പരിശോധനയ്ക്ക് എച്ച്.ഐ. ജോഷി തോമസ്, ജെ.എച്ച്.ഐ.മാരായ കെ.എസ്. സുരേഷ്, വി.ബി. ജോമോൻ, നീതുമോൾ മാത്യു, അസി. സെക്രട്ടറി അഞ്ജു ടി. വേണു തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360565/health-department-officials-inspect-hotels-stale-food-items-seized)