---
title: "വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂര ആക്രമണം ; 74 കാരിക്ക് ഗുരുതര പരിക്ക്"
english_title: "Rooster brutally attacks elderly woman; 74-year-old woman seriously injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360552/rooster-brutally-attacks-elderly-woman-74-year-old-woman-seriously-injured"
published_at: "2026-05-20T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d5bb3b3dd7_1000609701.jpg"
keywords: []
---

# വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂര ആക്രമണം ; 74 കാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** കൊല്ലം: പൂവൻ കോഴിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് സാരമായ പരിക്ക്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് ആണ് ആക്രമണത്തിന് ഇരയായത്.

## Article Content

കൊല്ലം: പൂവൻ കോഴിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് സാരമായ പരിക്ക്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് ആണ് ആക്രമണത്തിന് ഇരയായത്.

ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ ജോയിസിന് 12 തുന്നലിട്ടു. കഴിഞ്ഞ ദിവസം രാവിലെ സമീപത്തുള്ള കടയിൽ പോയി മടങ്ങവെയായിരുന്നു അപ്രതീക്ഷിതമായി കോഴിയുടെ ആക്രമണമുണ്ടായത്.

ദേഹത്തു ചാടിക്കയറിയ ശേഷം തലയിൽ കയറി നിന്നുകൊണ്ട് തലയിലും മൂക്കിൻ്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി മുറിവേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസിയായ സ്ത്രീ ഓടി എത്തിയപ്പോഴേയ്ക്കും ജോയിസ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തുന്നതും കണ്ടു.

ഉടനടി കോഴിയെ ഓടിച്ച ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് കണ്ണിനും പരിക്കേറ്റിട്ടുണ്ട്. മുൻപ് വഴിയിലൂടെ നടന്നു പോയപ്പോൾ കോഴി കൊത്താനായി എത്തിയെന്നും അന്നു ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360552/rooster-brutally-attacks-elderly-woman-74-year-old-woman-seriously-injured)