---
title: "കോതമംഗലത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വയോധിക മരിച്ചു ; പ്രദേശത്ത് അതീവ ജാഗ്രത"
english_title: "Elderly woman dies of amoebic encephalitis in Kothamangalam; High alert in the area."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360526/elderly-woman-dies-of-amoebic-encephalitis-in-kothamangalam-high-alert-in-the-area"
published_at: "2026-05-20T10:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d45bf940f1_1000609583.jpg"
keywords: []
---

# കോതമംഗലത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വയോധിക മരിച്ചു ; പ്രദേശത്ത് അതീവ ജാഗ്രത

> **Lead Summary:** എറണാകുളം കോതമംഗലത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് സ്വദേശിനിയായ 73 കാരിയാണ് മരണപ്പെട്ടത്.

## Article Content

എറണാകുളം കോതമംഗലത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് സ്വദേശിനിയായ 73 കാരിയാണ് മരണപ്പെട്ടത്.

ആശുപത്രിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ജില്ലയിൽ രണ്ടുപേർക്ക് ഈ രോഗം ബാധിച്ചിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സയിലൂടെ അവർ സുഖം പ്രാപിച്ചിരുന്നു.

ഈ മാസം ആറാം തീയതിയാണ് വയോധികയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്‌. എട്ടാം തീയതി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് നില വഷളായതിനെത്തുടർന്ന് അന്നുതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

എന്നാൽ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാതെ വന്നതോടെ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന വയോധിക കൃഷിയിടങ്ങളിലും പണിക്കാgroup പോകാറുണ്ടായിരുന്നു.

ഇതേത്തുടർന്ന് ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന ഇരുപതോളം പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയെങ്കിലും ആർക്കും തന്നെ നിലവിൽ രോഗലക്ഷണങ്ങളില്ല. രോഗബാധയുടെ പശ്ചാത്തലത്തിൽ മരിച്ചയാളുടെ വീടിന് പരിസരത്തുള്ള എൺപതോളം വീടുകൾ സന്ദർശിച്ച് ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിക്കുകയും പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്‌തു.

ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച ചേർന്ന അടിയന്തര അവലോകന യോഗം പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ബുധനാഴ്‌ച രാവിലെ 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ വെച്ച് ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360526/elderly-woman-dies-of-amoebic-encephalitis-in-kothamangalam-high-alert-in-the-area)