---
title: "സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Accident involving a private bus and a tipper lorry; Tipper driver dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359663/accident-involving-a-private-bus-and-a-tipper-lorry-tipper-driver-dies-tragically"
published_at: "2026-05-15T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07140405909_1000603846.jpg"
keywords: []
---

# സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.

## Article Content

തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.

കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെ പൊടിയാടി ജങ്ഷനും പുളിക്കീഴ് പാലത്തിനും ഇടയിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. തിരുവല്ലയിൽ നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന 'അനിഴം' എന്ന സ്വകാര്യ ബസ്സും എതിർദിശയിൽ നിന്ന് വന്ന ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ഡ്രൈവർ സന്ദീപ് ക്യാബിനുള്ളിൽ കുടുങ്ങുകയും ചെയ്‌തു. പിന്നീട് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപത് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359663/accident-involving-a-private-bus-and-a-tipper-lorry-tipper-driver-dies-tragically)