---
title: " ജന ഹൃദയങ്ങളിൽ ഇടം പിടിച്ച പിറവത്തിന്റെ എം.എൽ.എ വീണ്ടും മന്ത്രി പദവിയിലേക്ക്"
english_title: "Piravam's MLA, who has found a place in the hearts of the people, is again appointed as a minister."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359555/piravams-mla-who-has-found-a-place-in-the-hearts-of-the-people-is-again-appointed-as-a-minister"
published_at: "2026-05-15T12:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06c1c3cf7bd_noop.jpg"
keywords: []
---

#  ജന ഹൃദയങ്ങളിൽ ഇടം പിടിച്ച പിറവത്തിന്റെ എം.എൽ.എ വീണ്ടും മന്ത്രി പദവിയിലേക്ക്

> **Lead Summary:** പിറവം : കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡറും പിറവം എം.എൽ.എ യുമായ അഡ്വ.അനൂപ് ജേക്കബ് മന്ത്രി പദവിയിലേക്ക്. വി.ഡി സതീശൻ നയിക്കുന്ന പതിമൂന്നാം മന്ത്രിസഭ തിങ്കളാഴ്‌ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യ പ്രതിജ്ഞ ചെയ്യുന്നത്.

## Article Content

പിറവം : കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡറും പിറവം എം.എൽ.എ യുമായ അഡ്വ.അനൂപ് ജേക്കബ് മന്ത്രി പദവിയിലേക്ക്. വി.ഡി സതീശൻ നയിക്കുന്ന പതിമൂന്നാം മന്ത്രിസഭ തിങ്കളാഴ്‌ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യ പ്രതിജ്ഞ ചെയ്യുന്നത്.

സൗമ്യമായ പെരുമാറ്റം കൊണ്ടും, ജനകീയ വിഷയങ്ങളിലെ സൂക്ഷമമായ ഇടപെടലുകൾ കൊണ്ടും ജന ഹൃദയങ്ങളിൽ ഇടം പിടിച്ച പിറവത്തിന്റെ എം.എൽ.എ വീണ്ടും മന്ത്രി പദവിയിലേക്കെത്തുമ്പോൾ കൂടുതൽ വികസന നേട്ടങ്ങൾ സംസ്ഥാനത്തിനും പിറവം മണ്ഡലത്തിനും ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2012 ഏപ്രിൽ 12 മുതൽ - 2016 മേയ് 20 വരെ അനൂപ് ജേക്കബ് ഭക്ഷ്യ, പൊതുവിതരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിട്ടുണ്ട്.

തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകളിൽ പിറവത്ത് നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുന്ന അനൂപ് ജേക്കബിന് സുപ്രധാന വകുപ്പ് ലഭിക്കുമെന്ന് ഉറപ്പാണ്. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് 12070 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

തുടർന്ന് നടന്ന ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 44681 വോട്ടിൻറെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം താണികുന്നേൽ വീട്ടിൽ മുൻമന്ത്രി ടി.എം.ജേക്കബിൻ്റെയും ഡെയ്‌സിയുടെയും (ആനി) മകനായി 1977 ഡിസംബർ 16-ന് ജനനം. മൂവാറ്റുപുഴ നിർമ്മല ജൂനിയർ സ്‌കൂളിലും തിരുവനന്തപുരം ലയോള പബ്ലിക് സ്കൂ‌ളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയ അനൂപ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. മാർ ഇവാനിയോസ് കോളജിലെ വിദ്യാഭ്യാസ കാലത്ത് കേരള കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.-യുടെ തിരുവനന്തപുരം യൂണിറ്റ് പ്രസിഡണ്ടായും കോളേജ് മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 2001-ൽ കെ.എസ്.സി.-യുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായും 2006-ൽ സംസ്ഥാന പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. പിറവം ബിപിസി കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ അനിലയാണ് ഭാര്യ. മക്കൾ: ജേക്കബ്, ലിറ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359555/piravams-mla-who-has-found-a-place-in-the-hearts-of-the-people-is-again-appointed-as-a-minister)