---
title: "ശക്തമായ കാറ്റിൽ പാമ്പാക്കുട, രാമമംഗലം, മണീട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം "
english_title: "Strong winds cause extensive damage in Pampakkuta, Ramamangalam and Manidu panchayats."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359544/strong-winds-cause-extensive-damage-in-pampakkuta-ramamangalam-and-manidu-panchayats"
published_at: "2026-05-15T11:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bc6954191_Untitled-1.jpg"
keywords: []
---

# ശക്തമായ കാറ്റിൽ പാമ്പാക്കുട, രാമമംഗലം, മണീട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം 

> **Lead Summary:** പാമ്പാക്കുട: മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ പാമ്പാക്കുട, രാമമംഗലം, മണീട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ട‌ം.

## Article Content

പാമ്പാക്കുട: മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ പാമ്പാക്കുട, രാമമംഗലം, മണീട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ട‌ം.

മണീടിൽ 88 ഉം, പാമ്പാക്കുടയിൽ എട്ടും, രാമമംഗലത്ത് പത്തോളം വീടുകളും ഭാഗികമായി തകർന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. കിഴമുറി സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ 500 ഓളം ഓടുകൾ കാറ്റിൽ പറന്നുപോയി. കൂടാതെ ചുറ്റുമതിൽ മരം കടപുഴകി വീണും തകർന്നു. പാമ്പാക്കുട ചെട്ടിക്കണ്ടം മുതൽ എം.ടി.എം ജംഗ്ഷൻ വരെ നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളെടുത്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 11 കെ.വി ലൈൻ ഉൾപ്പെടെ പോസ്റ്റുകൾ തകർന്നുവീണതിനെ തുടർന്ന് വൈദ്യുതി ബന്ധവും തടസപ്പെട്ടു. വടക്കൻ പിറമാടം ഗവ.യു.പി.സ്കൂളിൻ്റെ മേൽക്കൂര തകർന്നു. ശക്തമായ കാറ്റിൽ എഴക്കാരനാട്ടിൽ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ടർഫ് പൂർണ്ണമായും തകർന്നു.

കൂടാതെ എഴക്കാരനാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ഓടുകളും പറന്നു പോയി. പ്രദേശത്തെ സിമന്റ് ഇഷ്ടിക നിമ്മാണ കേന്ദ്രത്തിന്റെ മേൽക്കൂരയും തകർന്നു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതവും തടസ്സപെട്ടു. വൈദ്യുതി ബന്ധവും പൂർണ്ണമായും തടസ്സപെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359544/strong-winds-cause-extensive-damage-in-pampakkuta-ramamangalam-and-manidu-panchayats)