---
title: "കനത്ത മഴ , കാറ്റ് ; ഉദയംപേരൂരും , മുളന്തുരുത്തിയിലും വ്യാപക നാശനഷ്ടം"
english_title: "Heavy rain, wind; extensive damage in Udayamperoor and Mulanthuruthy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359460/heavy-rain-wind-extensive-damage-in-udayamperoor-and-mulanthuruthy"
published_at: "2026-05-15T03:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0649065591b_1000602976.jpg"
keywords: []
---

# കനത്ത മഴ , കാറ്റ് ; ഉദയംപേരൂരും , മുളന്തുരുത്തിയിലും വ്യാപക നാശനഷ്ടം

> **Lead Summary:** മുളന്തുരുത്തി : വ്യാഴം വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഉദയംപേരൂരും മുളന്തുരുത്തിയിലും വ്യാപക നാശനഷ്ടം.

## Article Content

മുളന്തുരുത്തി : വ്യാഴം വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഉദയംപേരൂരും മുളന്തുരുത്തിയിലും വ്യാപക നാശനഷ്ടം.

ഉദയംപേരൂർ വൈക്കം റോഡിൽ വിവിധയിടങ്ങളിലായി വൈദ്യുതിലൈനിലേക്ക് മരങ്ങൾ വീണതിനെ തുടർന്ന് ഏറെനേരം വൈദ്യുതി മുടങ്ങി. വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. നടക്കാവ് ജങ്ഷനിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾക്കുമേൽ തണൽമരത്തിന്റെ കൊമ്പ് വീണു.

കൊച്ചുപള്ളി സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളി വളപ്പിൽ നിന്നിരുന്ന മാവിൻ്റെ കൊമ്പ് മുൻവശത്തെ വൈദ്യുതിത്തൂണിലേക്ക് ഒടിഞ്ഞുവീണു. ഉദയംപേരൂർ 17-ാംവാർഡ് കല്ലറയിൽ പ്രഭാകരന്റെ വീട്ടിലെ മുൻവശത്തെ മരം വീട്ടിലേക്ക് വീണതിനെ തുടർന്ന് വീടിന് തകരാർ സംഭവിച്ചു.

പതിനാറാം വാർഡ് കൊച്ചുപറമ്പിൽ പ്രദീപിൻ്റെ വീട്ടിലേക്ക് മാവ് വീണതിനെ തുടർന്ന് സൺഷേഡ് തകർന്നു. തെക്കൻപറവൂർ ആഞ്ഞിലിക്കൽ കൃഷ്ണൻകുട്ടിയുടെ വീടിനുമുകളിലേക്ക് മരം വീണ് വീടിന് കേടുപാടുണ്ടായി. ആഞ്ഞിലിക്കൽ ശാരദയുടെ വീടിൻ്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. എസ്എൻഡിപി കുറുപ്പശേരി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

ചോറ്റാനിക്കര, മുളന്തുരുത്തി, വെട്ടിക്കൽ, ആരക്കുന്നം, പുളിക്കമ്യാലി, കാരിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ മരങ്ങൾ വീണ് വീടുകൾക്കും വൈദ്യുതിലൈനുകൾക്കും കേടുപാടുണ്ടായി.

മുളന്തുരുത്തി പള്ളിത്താഴം ചെങ്ങോലപ്പാടം റോഡിൽ റോ മെറ്റീരിയൽ ഗോഡൗണിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് ഗോഡൗൺ പൂർണമായും തകർന്നു. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കാരിക്കോട് മയിലെണ്ണാകുഴിയിൽ ജയകുമാറിൻ് വീടിനുമുകളിലേക്ക് സമീപത്തെ പറമ്പിൽനിന്ന് രണ്ട് തേക്കുമരം വീണ് വീട് പൂർണമായും തകർന്നു. കാരിക്കോട് അമ്മിണി നാരായണൻ, പാണ്ടൻകുടി ശശി എന്നിവരുടെ വീടുകളിലേക്കും മരം വീണു. അപകടസമയത്ത് വീട്ടിൽ ആളുകളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

മുളന്തുരുത്തി ചെങ്ങോലപ്പാടം മേൽപ്പാലത്തിനുസമീപം ടാങ്കർ ലോറിയുടെ മുകളിലേക്ക് മരം വീണു. മുളന്തുരുത്തി സെമിത്തേരിക്കുസമീപം വൈദ്യുതിത്തൂണ് മറിഞ്ഞു. ചോറ്റാനിക്കര കിടങ്ങയത്ത് കണയന്നൂർ കരയോഗത്തിനുസമീപം നമ്പ്യാത്ത് രുക്‌മിണിയമ്മയുടെ വീടിനുമുകളിലേക്ക് മരം കടപുഴകി വീണ് ഓടുകൾ തകർന്നു. വെട്ടിക്കൽ സതീഷ് കുമാറിൻ്റെ വീട്ടിലേക്കും മരം വീണ് നാശനഷ്ടമുണ്ടായി.

പള്ളുരുത്തി വ്യാഴം വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ കുമ്പളങ്ങി-എഴുപുന്ന പാലത്തിലേക്ക് മരം മറിഞ്ഞു വീണു. വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കുമ്പളങ്ങി കടിയാപട്ടണംമുതൽ പാലംവരെയുണ്ടായിരുന്ന ആറ് വൈദ്യുതി പോസ്റ്റുകളും കാറ്റിൽ ഒടിഞ്ഞു വീണു. മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359460/heavy-rain-wind-extensive-damage-in-udayamperoor-and-mulanthuruthy)