---
title: "ശക്തമായ കാറ്റും, മഴയും വ്യാപക നാശം ; നാലു വീടുകൾ തകർന്നു"
english_title: "Strong winds and rain cause widespread damage; four houses collapse."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359271/strong-winds-and-rain-cause-widespread-damage-four-houses-collapse"
published_at: "2026-05-14T09:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0547fdc5300_1000601777.jpg"
keywords: []
---

# ശക്തമായ കാറ്റും, മഴയും വ്യാപക നാശം ; നാലു വീടുകൾ തകർന്നു

> **Lead Summary:** പള്ളുരുത്തി : ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പള്ളുരുത്തി മേഖലയിൽ വ്യാപക നാശം.

## Article Content

പള്ളുരുത്തി : ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പള്ളുരുത്തി മേഖലയിൽ വ്യാപക നാശം.

പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലാണ് നാശനഷ്ടങ്ങൾ കൂടുതലായും ഉണ്ടായത്. ഒരു വീട് പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.

കാറ്റിൽ മരങ്ങൾ വീണ് 36 വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു. പെരുമ്പടപ്പ് സാന്താക്രൂസ് പള്ളിക്കുസമീപം കാനപ്പള്ളി അലക്സിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് പൂർണമായും തകർന്നു. അലക്‌സിൻ്റെ ഭാര്യയും മകനും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. കൗൺസിലർ ലിഖിത വീട് സന്ദർശിച്ചു. ചേമ്പുംകണ്ടത്ത് പ്ലാവ് വീണ് ഉണ്ണിയുടെ വീട് ഭാഗികമായി തകർന്നു. പെരുമ്പടപ്പ് ശ്രീധരൻ റോഡിലും പെരുമ്പടപ്പ് കോണത്തും മരം വീണ് വൈദ്യുതി ലൈൻ തകർന്നു.

ഇടക്കൊച്ചി അംബേദ്‌കർ റോഡിൽ കളപ്പുരക്കൽ ജിജിയുടെ വീട്ടിലേക്ക് വീട്ടുവളപ്പിൽ നിന്നിരുന്ന കൂറ്റൻമാവ് കടപുഴകി ഓടുമേഞ്ഞ പുരയിലേക്ക് വീണ് നാശനഷ്ടമുണ്ടായി. ചെല്ലാനത്ത് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചെല്ലാനം 20-ാം വാർഡിൽ സേവ്യർ കല്ലുവീട്ടിൽ, തറേപറമ്പിൽ ജോൺസൺ എന്നിവരുടെ വീടുകൾക്കും നാശമുണ്ടായി. വീടുകളുടെ ഷീറ്റും മേൽക്കൂരയും കാറ്റിൽ പറന്നുപോയി. പലയിടങ്ങളിലുംവൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകി വൈദ്യുതി പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359271/strong-winds-and-rain-cause-widespread-damage-four-houses-collapse)