---
title: "ഭക്ഷണവും മൊബൈൽ ഫോണും നൽകാതെ ആറു മാസം വീട്ടുതടങ്കലിലാക്കി ;  യുവതിക്ക് നേരെ ക്രൂരമായ പീഡനമെന്ന് പരാതി"
english_title: "Woman kept under house arrest for six months without food or mobile phone; Complaint of brutal torture against woman."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358754/woman-kept-under-house-arrest-for-six-months-without-food-or-mobile-phone-complaint-of-brutal-torture-against-woman"
published_at: "2026-05-11T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01a30424615_1000598870.png"
keywords: []
---

# ഭക്ഷണവും മൊബൈൽ ഫോണും നൽകാതെ ആറു മാസം വീട്ടുതടങ്കലിലാക്കി ;  യുവതിക്ക് നേരെ ക്രൂരമായ പീഡനമെന്ന് പരാതി

> **Lead Summary:** ബംഗളൂരു: ബംഗളൂരു ഐഐഎം ക്യാമ്പസിനുള്ളിലെ ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മണിപ്പൂർ സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമായ പീഡനമെന്ന് പരാതി.

## Article Content

ബംഗളൂരു: ബംഗളൂരു ഐഐഎം ക്യാമ്പസിനുള്ളിലെ ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മണിപ്പൂർ സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമായ പീഡനമെന്ന് പരാതി.

ഭക്ഷണവും മൊബൈൽ ഫോണും നൽകാതെ കഴിഞ്ഞ ആറ് വർഷമായി തന്നെ വീട്ടുതടങ്കലിലാക്കി ദമ്പതികൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ക്യാമ്പസിനുള്ളിൽ താമസിക്കുന്ന അമർ, അൻഷു ദമ്പതികളുടെ വീട്ടിലാണ് യുവതി ജോലി ചെയ്തിരുന്നത്.

2021 ജൂൺ മുതൽ തനിക്ക് നേരെ ക്രൂരമായ പീഡനങ്ങളും ശാരീരിക ഉപദ്രവങ്ങളും ഉണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തി. അസുഖം ബാധിക്കുന്ന സമയങ്ങളിൽ പോലും തനിക്ക് ഭക്ഷണം നൽകിയിരുന്നില്ല.

പുറത്തുള്ളവരുമായി സംസാരിച്ചാൽ മൊബൈൽ ഫോൺ പിടിച്ചുവെക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു ഇവരുടെ പതിവ്. കഴിഞ്ഞ ഏപ്രിൽ 15-ന് പുലർച്ചെ രണ്ടരയോടെ ദമ്പതികൾ തന്നെ ക്രൂരമായി മർദ്ദിക്കുകയും തലമുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്‌തതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. ഇതിനുശേഷം വീടിന് പുറത്തിറങ്ങാൻ അനുവദിക്കാതെ കർശന നിരീക്ഷണത്തിലായിരുന്നു യുവതി. ഭയം കാരണം ഇവർ പൊലീസിനെ സമീപിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.

എന്നാൽ കഴിഞ്ഞ മെയ് നാലിന് വീണ്ടും ഭക്ഷണം നിഷേധിക്കപ്പെട്ടതോടെ യുവതി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അയൽവാസികളെ സമീപിക്കുകയായിരുന്നു. ദയനീയ അവസ്ഥ കണ്ട അയൽവാസികൾ ഇവർക്ക് ഭക്ഷണവും ബന്ധുക്കളെ വിളിക്കാൻ ഫോണും നൽകി. തുടർന്ന് യുവതി തൻ്റെ അമ്മായിയെയും ബംഗളൂരുവിലെ കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ഭാരവാഹികളെയും വിവരമറിയിച്ചു. ഇവരുടെ ഇടപെടലിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. ദമ്പതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358754/woman-kept-under-house-arrest-for-six-months-without-food-or-mobile-phone-complaint-of-brutal-torture-against-woman)