---
title: "വീട് കുത്തിത്തുറന്ന് സ്വർണക്കവർച്ച പതിവ് ; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "House burglary and gold theft; accused charged with Kappa and sent to jail."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358737/house-burglary-and-gold-theft-accused-charged-with-kappa-and-sent-to-jail"
published_at: "2026-05-11T14:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0193aca3274_1000598802.png"
keywords: []
---

# വീട് കുത്തിത്തുറന്ന് സ്വർണക്കവർച്ച പതിവ് ; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** കവളങ്ങാട് : വീട് കുത്തിത്തുറന്ന് സ്വർണക്കവർച്ച പതിവാക്കിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു-51)വിനെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

## Article Content

കവളങ്ങാട് : വീട് കുത്തിത്തുറന്ന് സ്വർണക്കവർച്ച പതിവാക്കിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു-51)വിനെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ ജി പ്രിയങ്കയാണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, കുറുപ്പംപടി, പൊന്നാനി, ഷൊർണൂർ, കോതമംഗലം, കുന്നത്തുനാട്, പാലക്കാട് ചാലിശേരി, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധികളിലെ കേസിൽ ഉൾപ്പെട്ടയാളാണ്.

രാത്രിയിൽ വീടുകളിൽ കയറി സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരുന്നതാണ് രീതി. 2022 മാർച്ചിൽ പെരിന്തൽമണ്ണയിൽ സമാനകുറ്റത്തിന് പിടിയിലായി മൂന്നുവർഷത്തേക്ക് ശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി 2026 ഫെബ്രുവരിയിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിൽ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന വയോധികയുടെ ഒന്നരപ്പവൻ മാല കവർച്ച നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

ഊന്നുകൽ ഇൻസ്പെക്‌ടർ ബി എസ് ആദർശ്, പെരുമ്പാവൂർ ഇൻസ്പെക്‌ടർ എ അനിൽകുമാർ, ഊന്നുകൽ സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർമാരായ എം എൻ ബിനു, എൻ ജി ബിനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ് ശിവൻ, എൻ യു ദയേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358737/house-burglary-and-gold-theft-accused-charged-with-kappa-and-sent-to-jail)