---
title: "അനധികൃത മാലിന്യം തള്ളൽ തടഞ്ഞതിൻ്റെ പ്രതികാരം ;ഹോട്ടൽ തകർത്തു  "
english_title: "Hotel demolished in retaliation for stopping illegal dumping."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358359/hotel-demolished-in-retaliation-for-stopping-illegal-dumping"
published_at: "2026-05-09T13:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee59fd9816_bhbjj.jpg"
keywords: []
---

# അനധികൃത മാലിന്യം തള്ളൽ തടഞ്ഞതിൻ്റെ പ്രതികാരം ;ഹോട്ടൽ തകർത്തു  

> **Lead Summary:** വൈപ്പിൻ : സൗത്ത് പുതുവൈപ്പ് മേഖലയിൽ അനധികൃത മാലിന്യം തള്ളൽ തടഞ്ഞതിൻ്റെ പ്രതികാരമായി ഹോട്ടൽ തകർത്തു. തീരസംരക്ഷണസമിതി രക്ഷാധികാരി കെ എച്ച് അബ്ബാസിൻ്റെ, ബെൽബോ പാലത്തിന് സമീപത്തെ ഹോട്ടലിനു നേരെയാണ് വെള്ളി പുലർച്ചെ ആക്രമണമുണ്ടായത്. കടയുടെ ചില്ല് എറിഞ്ഞുപൊട്ടിക്കുകയും ബോർഡുകളും മറ്റും തകർക്കുകയും ചെയ്തു‌.

## Article Content

വൈപ്പിൻ : സൗത്ത് പുതുവൈപ്പ് മേഖലയിൽ അനധികൃത മാലിന്യം തള്ളൽ തടഞ്ഞതിൻ്റെ പ്രതികാരമായി ഹോട്ടൽ തകർത്തു. തീരസംരക്ഷണസമിതി രക്ഷാധികാരി കെ എച്ച് അബ്ബാസിൻ്റെ, ബെൽബോ പാലത്തിന് സമീപത്തെ ഹോട്ടലിനു നേരെയാണ് വെള്ളി പുലർച്ചെ ആക്രമണമുണ്ടായത്. കടയുടെ ചില്ല് എറിഞ്ഞുപൊട്ടിക്കുകയും ബോർഡുകളും മറ്റും തകർക്കുകയും ചെയ്തു‌.

കഴിഞ്ഞദിവസം ഈ ഭാഗത്ത് മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങളെ അബ്ബാസിന്റെ നേതൃത്വത്തിൽ തടയുകയും തിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ മാലിന്യം സ്ഥലത്തെത്തിക്കുന്ന ഇടനിലക്കാർ നൽകിയ പരാതിയിൽ വ്യാഴാഴ്‌ച അബ്ബാസിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ആരാഞ്ഞിരുന്നു. ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഖരമാലിന്യങ്ങളാണ് ദിവസവും ലോഡ് കണക്കിന് ഇവിടെയെത്തുന്നത്. പൊലീസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഇല്ലാതായതോടെയാണ് നാട്ടുകാർ സമിതി രൂപീകരിച്ച് തടയാൻ തുടങ്ങിയത്. വൻമാഫിയയാണ് ഇതിനുപിന്നിലെന്ന് സമിതിക്കാർ  ആരോപിച്ചു.

യൂണിവേഴ്‌സിറ്റി കവലക്ക് തെക്ക് ആർഎംപി തോടിന്റെ പരിസരങ്ങൾ, ബെൽബോ റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിലുള്ള ചതുപ്പുകളും തണ്ണീർത്തടങ്ങളുമാണ് മാലിന്യം ഉപയോഗിച്ച് നികത്തുന്നത്. അബ്ബാസിൻ്റെ ഹോട്ടൽ തകർത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358359/hotel-demolished-in-retaliation-for-stopping-illegal-dumping)