---
title: "വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Accident while returning from buying paint to decorate house; Housewife meets tragic end."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358299/accident-while-returning-from-buying-paint-to-decorate-house-housewife-meets-tragic-end"
published_at: "2026-05-09T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feb7006928c_1000595702.png"
keywords: []
---

# വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : മകളുടെ വിവാഹത്തിരക്കുകൾക്കിടയിൽ അമ്മ വാഹനാപകടത്തിൽ മരിച്ചു. വടക്കുമുറി സ്വദേശി വി. ശാന്ത (കനകം-50) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂർ-പാലക്കാട് ദേശീയപാതയിൽ കണ്ണാടി വടക്കുമുറിയിലായിരുന്നു അപകടം.

## Article Content

പാലക്കാട് : മകളുടെ വിവാഹത്തിരക്കുകൾക്കിടയിൽ അമ്മ വാഹനാപകടത്തിൽ മരിച്ചു. വടക്കുമുറി സ്വദേശി വി. ശാന്ത (കനകം-50) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂർ-പാലക്കാട് ദേശീയപാതയിൽ കണ്ണാടി വടക്കുമുറിയിലായിരുന്നു അപകടം.

റോഡ് മുറിച്ചുകടന്ന് വശത്തുകൂടി നടന്നുപോവുകയായിരുന്ന ശാന്തയെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് കാറും ഡ്രൈവർ കരിങ്കരപ്പുള്ളി സ്വദേശി പ്രശാന്തിനെയും ടൗൺ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ വിവാഹത്തിനായി വീടൊരുക്കുന്ന ഓട്ടപ്പാച്ചിലിനിടയിലാണ് ശാന്തയെ മരണം തട്ടിയെടുത്തത്.

പൂവ്വക്കോട് അങ്കണവാടിക്ക് സമീപമാണ് ശാന്തയുടെ വീട്. അടുത്ത വ്യാഴാഴ്ചയാണ് മകളുടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി വീടിന് പെയിൻ്റ് അടിക്കാൻ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച‌ ഉച്ചയോടെ പാലക്കാട് ആശുപത്രിയിലെത്തി സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങി തിരികെ വരും വഴി പെയിന്റ് കടയിൽ കയറി പെയിന്റും വാങ്ങി ദേശീയപാത മുറിച്ചുകടന്ന് നടക്കുന്നതിനിടെയാണ് അപകടം.

കാർ ഗുരുവായൂരിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് കാലത്താണ് ശാന്തയുടെ ഭർത്താവ് മരിച്ചത്. ലൈഫ് ഭവനപദ്ധതിയിൽ പണിത വീട്ടിൽ മൂന്നു പെൺമക്കളുമായി താമസിച്ചുവരികയായിരുന്നു. തൊഴിലുറപ്പ് പണിയിൽനിന്നുള്ള വരുമാനം കൊണ്ടാണിവർ ജീവിക്കുന്നത്.

ബന്ധുക്കളുടെ കൂടി സഹായത്തോടെയാണ് രണ്ടു മക്കളെ വിവാഹം കഴിപ്പിച്ചത്. ഇളയ മകളുടെ വിവാഹനിശ്ചയമാണ് നടത്താനിരുന്നത്. വടക്കുമുറിയിൽതന്നെയുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇളയ മകൾ. ഭർത്താവ്: പരേതനായ മുരളി. മക്കൾ: നീതു, തുളസി, നിത്യ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358299/accident-while-returning-from-buying-paint-to-decorate-house-housewife-meets-tragic-end)