---
title: "ആൺസുഹൃത്തിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി  യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമമിച്ചു ; 2 പേർ പിടിയിൽ"
english_title: "Two arrested for threatening boyfriend with knife and attempting to rape woman."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358107/two-arrested-for-threatening-boyfriend-with-knife-and-attempting-to-rape-woman"
published_at: "2026-05-08T11:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd7a0a831c8_1000594798.png"
keywords: []
---

# ആൺസുഹൃത്തിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി  യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമമിച്ചു ; 2 പേർ പിടിയിൽ

> **Lead Summary:** കൊച്ചി : ആൺസുഹൃത്തിനെ കത്തി മുനയിൽ നിർത്തി, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ , തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ‌് ചെയ്‌തത്.

## Article Content

കൊച്ചി : ആൺസുഹൃത്തിനെ കത്തി മുനയിൽ നിർത്തി, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ , തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ‌് ചെയ്‌തത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശം കാടുപിടിച്ചു കിടക്കുന്ന ഹോട്ടൽ സമുച്ചയത്തിലാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങിനെ: രാത്രി ഒന്‌പതിന് സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാൻ ഈ കെട്ടിടത്തിനുള്ളിൽ കയറി. ആ സമയം പ്രതികൾ കെട്ടിടത്തിൽ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ സുഹൃത്തിനെ മർദിക്കുകയും 

കത്തിമുനയിൽ നിർത്തുകയുമായിരുന്നു. തുടർന്ന് പരാതിക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. യുവതി പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ചശേഷം അവിടെ നിന്ന് ആൺസുഹൃത്തുമായി ഓടി രക്ഷപ്പെട്ടു. ഇരുവരും പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.

എസിപി പ്രേമാനന്ദ കൃഷ്‌ണ മുൻകൈയെടുത്ത് പ്രത്യേക കൗൺസിലിങ് നൽകിയതിനെത്തുടർന്ന് യുവതി വ്യാഴം ഉച്ചയോടെ സ്റ്റേഷനിലെത്തി പരാതി നൽകി. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

കുറ്റകൃത്യം നടന്ന കെട്ടിടത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ പ്രതികളിൽ ഒരാൾ സഞ്ചരിച്ച ബൈക്കിനെക്കുറിച്ച് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രതികൾ വീടുകളിൽ കയറാതെ ആളൊഴിഞ്ഞ വീടുകളിൽ താമസിക്കുന്നവരാണ്. രണ്ടു പ്രതികളുടെ പേരിലും പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ്, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള തോട്ടിലേക്ക് ചാടിയെങ്കിലും പിടികൂടുകയായിരുന്നു. പൊലീസ് വാഹനത്തിൽ നിന്ന് ഇയാൾ രക്ഷപെടാൻ ശ്രമിച്ചിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ ഹരികൃഷ്‌ണൻ, രാംലാൽ, ഷാജി, സുബോധ്, എഎസ്ഐ മോളി, എസ്‌സിപിഒമാരായ രാജീവ്, മനീഷ്, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, ഹരീഷ്, വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358107/two-arrested-for-threatening-boyfriend-with-knife-and-attempting-to-rape-woman)