---
title: "ഭാര്യയുടെ ശരീരഭാരം കൂടിയെന്ന കാരണത്താൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് യുവതിയെ വിഷം നൽകി കൊലപ്പെടുത്തി"
english_title: "Software engineer husband poisons wife to death over weight gain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357712/software-engineer-husband-poisons-wife-to-death-over-weight-gain"
published_at: "2026-05-06T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb153a1886c_1000592744.jpg"
keywords: []
---

# ഭാര്യയുടെ ശരീരഭാരം കൂടിയെന്ന കാരണത്താൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് യുവതിയെ വിഷം നൽകി കൊലപ്പെടുത്തി

> **Lead Summary:** ആന്ധ്രപ്രദേശിലെ കടപ്പയിൽ ഭാര്യയുടെ ശരീരഭാരം കൂടിയെന്ന കാരണത്താൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് യുവതിയെ വിഷം നൽകി കൊലപ്പെടുത്തി. കടപ്പ പ്രോഡുത്തൂർ സ്വദേശി കിരൺ ആണ് ഭാര്യ പദ്‌മജയെ ക്രൂരമായി കൊലപ്പെടുത്തിയത്.

## Article Content

ആന്ധ്രപ്രദേശിലെ കടപ്പയിൽ ഭാര്യയുടെ ശരീരഭാരം കൂടിയെന്ന കാരണത്താൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് യുവതിയെ വിഷം നൽകി കൊലപ്പെടുത്തി. കടപ്പ പ്രോഡുത്തൂർ സ്വദേശി കിരൺ ആണ് ഭാര്യ പദ്‌മജയെ ക്രൂരമായി കൊലപ്പെടുത്തിയത്.

വിവാഹസമയത്ത് തന്നെ പദ്‌മജയ്ക്ക് കിരണിനേക്കാൾ വണ്ണം കൂടുതലായിരുന്നു. വിവാഹശേഷം ഭാരം വീണ്ടും വർദ്ധിച്ചതോടെ കിരൺ പദ്‌മജയെ നിരന്തരം പരിഹസിക്കുകയും നിർബന്ധിച്ച് വണ്ണം കുറയ്പ്പിക്കാൻ ശ്രമിക്കുകയും ചെയ്തു‌. പദ്‌മജയുടെ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെ കിരൺ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

പദ്‌മജയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടിയാണ് കിരൺ വിവാഹത്തിന് സമ്മതിച്ചതും പദ്‌മജയുടെ വീട്ടിൽ താമസിച്ചതും.

കൊലപാതകം നടത്താനുള്ള വഴികൾ കിരൺ യൂട്യൂബിലൂടെയാണ് കണ്ടെത്തിയത്. യൂട്യൂബിൽ കണ്ട ഒരു നമ്പറിൽ വിളിച്ച് വിഷം സംഘടിപ്പിച്ച ഇയാൾ, സംശയം തോന്നാതിരിക്കാൻ പദ്‌മജയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അതിയായ സ്നേഹം പ്രകടിപ്പിച്ച് വിശ്വസിപ്പിച്ച ശേഷം, മധുരപലഹാരമായ പാൽകോവയിൽ വിഷം കലർത്തി നൽകി. വിഷം ഉള്ളിൽ ചെന്ന് പദ്‌മജ ബോധരഹിതയായെങ്കിലും മരണം സംഭവിച്ചില്ല. ഇതോടെ കിരൺ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.

പദ്‌മജയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് കിരൺ വീട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പദ്‌മജയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയും ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങൾ വ്യക്തമാവുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കിരൺ കുറ്റം സമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357712/software-engineer-husband-poisons-wife-to-death-over-weight-gain)