---
title: "25 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ; മുഖ്യപ്രതിയടക്കം 2 പേർ പിടിയിൽ"
english_title: "25 crore online trading fraud; 2 people including the main accused arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357220/25-crore-online-trading-fraud-2-people-including-the-main-accused-arrested"
published_at: "2026-05-04T12:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f83d8b7eeb7_1000589572.png"
keywords: []
---

# 25 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ; മുഖ്യപ്രതിയടക്കം 2 പേർ പിടിയിൽ

> **Lead Summary:** കൊച്ചി : ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയടക്കം രണ്ടുപേർ ഹൈദരാബാദിൽ പിടിയിൽ.

## Article Content

കൊച്ചി : ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയടക്കം രണ്ടുപേർ ഹൈദരാബാദിൽ പിടിയിൽ.

ഹൈദരാബാദ് സ്വദേശികളായ വ്യവസായി സത്യനാരായണമൂർത്തി (36), ഇയാളുടെ കന്‌പനിയിലെ ജീവനക്കാരൻ ടൈസൺ രാജു (32) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഞായർ രാത്രിയോടെ കൊച്ചിയിൽ എത്തിച്ചു. ഹൈദരാബാദ് സ്വദേശിയായ ഒരാൾകൂടി പിടിയിലാകാനുണ്ട്.

ഹൈദരാബാദ് കേന്ദ്രീകരിച്ച് നിർമാണ കമ്പനി നടത്തുന്ന വ്യവസായിയാണ് നാരായണമൂർത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തട്ടിയെടുത്ത തുകയിൽ ഏകദേശം 16 കോടി രൂപ ആദ്യം ടൈസൺ രാജുവിൻ്റെ അക്കൗണ്ടിൽ വന്നു. ഇത് പിന്നീട് സത്യനാരായണമൂർത്തിയുടെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. ഈ അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സത്യനാരായണമൂർത്തിയിലേക്ക് എത്തിച്ചത്. 11 അംഗ സൈബർ അന്വേഷകസംഘം ഒരാഴ്ചയിലേറെയായി ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികൾ പി കെ റഹീസ്, വി അൻസാർ, സി കെ അനീസ് റഹ്‌മാൻ, എറണാകുളം സ്വദേശി അജീഷ്, കൊല്ലം അഞ്ചൽ സ്വദേശിനി ജി സുജിത എന്നിവർ മുന്പ് അറസ്റ്റ‌ിലായിരുന്നു.

'ക്യാപ്പിറ്റലിക്സ്' എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24,76,21,042 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. 2023 മാർച്ച് 15 മുതൽ ആഗസ്ത് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇവർ പണം തട്ടിയെടുത്തത്.

ഫെയ്‌സ്ബുക്ക് പരസ്യം കണ്ടാണ് പരാതിക്കാരൻ ഇവരെ സമീപിച്ചത്. ക്യാപ്പിറ്റലിക്‌സ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിങ്ങിലൂടെ പെട്ടെന്ന് ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. നിരവധിപ്പേരിൽനിന്ന് ബാങ്ക് അക്കൗണ്ടുകൾ കമീഷൻ നൽകി കൈവശപ്പെടുത്തി ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357220/25-crore-online-trading-fraud-2-people-including-the-main-accused-arrested)