---
title: "ബി.ടെക് വിദ്യാർത്ഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "B.Tech student found dead in rented room."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356768/btech-student-found-dead-in-rented-room"
published_at: "2026-05-02T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f58d2ab218e_1000586430.png"
keywords: []
---

# ബി.ടെക് വിദ്യാർത്ഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി : കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും (ഓട്ടോറിക്ഷാ ഡ്രൈവർ) ഷൈജയുടെയും മകൾ കെ.എസ്. ദർശന ആണ് മരിച്ചത്.

## Article Content

കൊച്ചി : കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും (ഓട്ടോറിക്ഷാ ഡ്രൈവർ) ഷൈജയുടെയും മകൾ കെ.എസ്. ദർശന ആണ് മരിച്ചത്.

സംഭവത്തിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. സർവകലാശാല ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356768/btech-student-found-dead-in-rented-room)