---
title: "വയോധികരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ "
english_title: "Suspect arrested for breaking necklaces of elderly women."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356571/suspect-arrested-for-breaking-necklaces-of-elderly-women"
published_at: "2026-05-01T12:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44a124eb99_1000585397.png"
keywords: []
---

# വയോധികരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ 

> **Lead Summary:** ആലുവ : വയോധികരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയെ പൊലീസ് പിടികൂടി.

## Article Content

ആലുവ : വയോധികരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയെ പൊലീസ് പിടികൂടി.

കല്ലൂർക്കാട് നാകപ്പുഴ കുരിശുമല ജങ്ഷനുസമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര പള്ളിലാങ്കര എച്ച്എംടി ജങ്ഷനുസമീപം കുന്നത്ത് കൃഷ്‌ണകൃപയിൽ വിഷ്ണു‌ അരവിന്ദിനെ (38)യാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്തുകുന്നിന് സമീപമുള്ള പലചരക്കുകടയിൽ ബബിൾഗം വാങ്ങാൻ എന്ന വ്യാജേന ബൈക്കിലെത്തി 74 വയസ്സുള്ള വയോധികയെ ആക്രമിച്ച് സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പ്രത്യേക ടീം അന്വേഷിച്ച് എത്തിയപ്പോൾ നാകപ്പുഴ വനമേഖലയിലേക്ക് മോഷ്‌ടാവ് ഓടിക്കയറി. നാട്ടുകാരെയുംകൂട്ടി പൊലീസ് നടത്തിയ എട്ടുമണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ പ്രതി പിടിയിലായി.

എളമക്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ് ഉൾപ്പെടെ 15 കേസുകളിൽ ഇയാൾ പ്രതിയാണ്. മറ്റു കേസുകൾ ഇയാൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ആലുവ മാർക്കറ്റ് ഭാഗത്തുനിന്ന് മോഷ്‌ടിച്ച ബൈക്ക് ഉപയോഗിച്ചായിരുന്നു മാലപൊട്ടിക്കൽ. ബൈക്ക് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയായിരുന്നു.

ആലുവ ഡിവൈഎസ്‌പി ബാബുക്കുട്ടൻ, ബിനാനിപുരം ഇൻസ്പെക്‌ടർ ജി ഹരീഷ്, എസ്ഐമാരായ എം എം ദേവരാജ്, കെ പി ഷാജി, സിപിഒമാരായ മുഹമ്മദ് അമീർ, കെ എം മനോജ്, മാഹിൻ ഷാ അബൂബക്കർ, മനു പി ജോസ്, എം എസ് സന്ദീപ്, അനൂപ് കൃഷ്‌ണൻ, അനിൽകുമാർ, ആർ അരവിന്ദ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356571/suspect-arrested-for-breaking-necklaces-of-elderly-women)