---
title: " കണ്ണീരിൽ കുതിർന്ന് രാമമംഗലം ; ആദ്യമായി വിമാനമേറിയ സന്തോഷം , തേടിയെത്തിയത് വലിയൊരു ദുരന്തം"
english_title: "The joy of flying for the first time; a great tragedy awaits."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356535/the-joy-of-flying-for-the-first-time-a-great-tragedy-awaits"
published_at: "2026-05-01T10:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f437977a056_1000585205.png"
keywords: []
---

#  കണ്ണീരിൽ കുതിർന്ന് രാമമംഗലം ; ആദ്യമായി വിമാനമേറിയ സന്തോഷം , തേടിയെത്തിയത് വലിയൊരു ദുരന്തം

> **Lead Summary:** രാമമംഗലം : ആദ്യമായി വിമാനമേറിയ സന്തോഷവുമായി ബംഗളൂരുവിൽ ചെന്നിറങ്ങിയശേഷം ദുരന്തത്തിനിരയായ പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു.

## Article Content

രാമമംഗലം : ആദ്യമായി വിമാനമേറിയ സന്തോഷവുമായി ബംഗളൂരുവിൽ ചെന്നിറങ്ങിയശേഷം ദുരന്തത്തിനിരയായ പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു.

രാമമംഗലം പഞ്ചായത്ത് ഓഫീസ് മുറ്റത്തൊരുക്കിയ പന്തലിലേയ്ക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ നാട് സങ്കടത്തുരുത്തായി. ബംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞ് മരിച്ച രാമമംഗലം കിഴുമുറി തെക്കേയിറമ്പിൽ സ്‌മിതയ്ക്കും (49) ആശുപത്രിപ്പടി മനയ്ക്കക്കുടിയിൽ ലതയ്ക്കും (50-) ആയിരങ്ങൾ യാത്രാമൊഴി നൽകി.

വ്യാഴം പകൽ 1.55 ഓടെയാണ് രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങളെത്തിച്ചത്. 2.30ഓടെ വീടുകളിലേക്ക്. കൂടെ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വയോജനങ്ങൾ, വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വീടുകളിലെത്തിയും അന്ത്യോപചാരമർപ്പിച്ചു. ലതയുടെ മൃതദേഹം മേമ്മുറി സമുദായം ശ്മശാനത്തിലും സ്‌മിതയുടേത് വീട്ടുവളപ്പിലും സംസ്കരിച്ചു.

അപകടം നടന്നയുടൻ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി രാജീവ് ഡിജിപി റവാഡ ചന്ദ്രശേഖർ വഴി ഇടപെട്ട് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയിരുന്നു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട പരിചരണവും ഉറപ്പാക്കി. കർണാടക സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിലാണ് മൃതദേഹങ്ങൾ കേരളത്തിലെത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് കർണാടക സർക്കാർ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള അതിർത്തിമുതൽ കേരള പൊലീസ് അകമ്പടിയുണ്ടായി. മൃതദേഹങ്ങൾ ആദ്യം പെരുമ്പാവൂർ താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന് പൊതുദർശന--സംസ്‌കാരച്ചടങ്ങുകൾ കലക്ടർ ജി പ്രിയങ്ക ഉൾപ്പെടെയുള്ളവർ ഏകോപിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റ രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായ മണികണ്ഠൻ (51), സിജി അനിൽ (45) എന്നിവർ പരിക്കുകളോടെ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധൻ വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെ മതിലിടിഞ്ഞുവീണായിരുന്നു അപകടം. മഴ നനയാതെ കയറിനിന്ന ഭാഗത്താണ് മതിലിടിഞ്ഞ് അപകടമുണ്ടായത്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽനിന്ന് വിമാനമാർഗം 56 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്ക് പോയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356535/the-joy-of-flying-for-the-first-time-a-great-tragedy-awaits)