---
title: "ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് അപകടം ; മരിച്ചവരിൽ രണ്ട് പിറവം സ്വദേശികളും , മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Two Piravom natives among the dead in Bengaluru collapse accident, body to be brought home today."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356317/two-piravom-natives-among-the-dead-in-bengaluru-collapse-accident-body-to-be-brought-home-today"
published_at: "2026-04-30T10:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e877ed24c_1000583859.jpg"
keywords: []
---

# ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് അപകടം ; മരിച്ചവരിൽ രണ്ട് പിറവം സ്വദേശികളും , മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

## Article Content

ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

എറണാകുളം ജില്ലയിലെ പിറവം രാമമംഗലം സ്വദേശികളായ സ്‌മിത (50), ലത (49) എന്നിവരാണ് മരണപ്പെട്ടത്. കുടുംബശ്രീ അമൃതം പൊടി നിർമ്മാണ യൂണിറ്റിൽ നിന്നുള്ള വിനോദയാത്രയ്ക്കായി എത്തിയ സംഘാംഗങ്ങളായിരുന്നു ഇവർ.

രാമമംഗലം സ്വദേശികളായ മായ മണികണ്ഠ‌ൻ, പ്രീതി, സിജി എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ബുധനാഴ്ച‌ രാവിലെ നെടുമ്പാശേരിയിൽ നിന്ന് വിമാനമാർഗം 56 പേരടങ്ങുന്ന സംഘം ബംഗളൂരുവിലെത്തിയിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലായിരുന്നു ഈ വിനോദയാത്ര.

വൈകിട്ട് നഗരത്തിൽ പെയ്‌ത കനത്ത മഴയ്ക്കിടെ ഷോപ്പിങ്ങിനായി വിവിധ ഭാഗങ്ങളിലായിരുന്ന സംഘം അംഗങ്ങളിൽ അഞ്ചുപേർ ഒരുമിച്ച് പോയപ്പോൾ, മഴയിൽ നിന്ന് രക്ഷപ്പെടാൻ നിന്നിരുന്ന സ്ഥലത്തെ ഉയർന്ന മതിൽ അപ്രതീക്ഷിതമായി ഇടിഞ്ഞ് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356317/two-piravom-natives-among-the-dead-in-bengaluru-collapse-accident-body-to-be-brought-home-today)