---
title: "ശക്തമായ കാറ്റും , മഴയും ; മരങ്ങൾ വീണ് വീടുകൾക്ക് നാശം "
english_title: "Strong winds and rain; Trees fall, houses damaged."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356307/strong-winds-and-rain-trees-fall-houses-damaged"
published_at: "2026-04-30T10:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e424b6d24_1000583830.png"
keywords: []
---

# ശക്തമായ കാറ്റും , മഴയും ; മരങ്ങൾ വീണ് വീടുകൾക്ക് നാശം 

> **Lead Summary:** മൂവാറ്റുപുഴ : വേനൽമഴയ്ക്കെക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വാളകം പഞ്ചായത്തിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശം. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണു.

## Article Content

മൂവാറ്റുപുഴ : വേനൽമഴയ്ക്കെക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വാളകം പഞ്ചായത്തിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശം. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണു.

പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളുൾപ്പെട്ട കുന്നയ്ക്കാൽ വാടാച്ചിറ ഭാഗത്താണ് കൂടുതൽ നാശം. ബുധൻ വൈകിട്ട് ആറോടെയാണ് കാറ്റ് വീശിയത്.

കുന്നയ്ക്കാൽ വാടാച്ചിറ എരുമം കുന്നത്ത് ജയന്റെ വീടിനുമുകളിൽ പ്ലാവ് ഒടിഞ്ഞുവീണ് നാശമുണ്ടായി.സമീപത്തെ എരുമം കുന്നത്ത് സുരേഷിൻ്റെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു. കുന്നയ്ക്കാൽ സെഹിയോൻ പള്ളിയുടെ ചില്ലുകളും മറ്റും തകർന്നു. മണിയിരിയ്ക്കപ്പാടം റെജിയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയി. പൂവാലംകുന്ന് വീട്ടിൽ ബിബിൻ്റെ ലൈഫ് പദ്ധതിയിൽ നിർമിച്ച വീട് മരം വീണ് തകർന്നു.

പാലക്കോട്ട് പുത്തൻപുര സുരേഷിന്റെ വാർക്കവീടിനുമുകളിൽ മഹാഗണി മരം വീണ് നാശമുണ്ടായി. വാടാച്ചിറയിൽ പ്രീജുവിന്റെ വീടിനുമുകളിലെ ചില്ലുകൾ പൊട്ടിവീണു. ചില്ല് വീണ് കാറിന് നാശമുണ്ടായി. നെടുംതടത്തിൽ ശശിയുടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റെടുത്തു. റബർ, ആഞ്ഞിലി, പ്ലാവ്, തേക്ക് വട്ട, മഹാഗണി, മറ്റു മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.

ഈ മേഖലയിലെ മരം വീണ് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണതിനാൽ വൈദ്യുതിവിതരണം നിലച്ചു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കടാതിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. കപ്പ, പച്ചക്കറിക്കൃഷി, വാഴ തുടങ്ങിയവ നശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356307/strong-winds-and-rain-trees-fall-houses-damaged)