---
title: "ഉള്ളുലക്കും നിലവിളികൾ ; കണ്ണീരായി അജ്മലും , അജ്സലും"
english_title: "The cries are deafening; Ajmal and Ajzal are in tears."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356068/the-cries-are-deafening-ajmal-and-ajzal-are-in-tears"
published_at: "2026-04-29T08:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f17a3be0fec_1000582537.png"
keywords: []
---

# ഉള്ളുലക്കും നിലവിളികൾ ; കണ്ണീരായി അജ്മലും , അജ്സലും

> **Lead Summary:** പെരുമ്പാവൂർ : പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

## Article Content

പെരുമ്പാവൂർ : പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

ഒരാളെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം, അഞ്ചാലുംമൂട് കാഞ്ഞാവെളി തെക്കേചേരി അജ്‌മൽ വീട്ടിൽ അജ്‌മൽ (21), നിലമ്പൂർ ചുങ്കത്തറ പാലത്തൂരാൻ വീട്ടിൽ അജ്സൽ (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായ കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിലിനെയാണ് (21) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഓടക്കാലി പൂമല ഇന്ദിരാഗാന്ധി മെമ്മോറിയൽ നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥികളാണിവർ. ചൊവ്വ പകൽ 11നായിരുന്നു സംഭവം. അശമന്നൂർ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപത്തെ പെരിയാർവാലി മെയിൻ കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ആദ്യം അജ്‌മൽ ഒഴുക്കിൽപ്പെട്ടു. രക്ഷപ്പെടുത്താൻ ഇറങ്ങിയ അജ്സലും തുടർന്നിറങ്ങിയ എമിൽ സുനിലും കനാലിൽ മുങ്ങി. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോകുൽകൃഷ്‌ണയുടെ നിലവിളികേട്ട് പരിസരവാസികൾ എത്തി മൂന്നുപേരെയും കനാലിൽനിന്ന് കയറ്റി പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചു. എന്നാൽ, അജ്‌മലും അജ്സലും വഴിമധ്യേ മരിച്ചു. അശമന്നൂർ 

പൊക്കത്തായി വീട്ടിൽ പി പി സജീവ്, മകൻ പ്ലസ‌ വിദ്യാർഥി ബേസിൽ, മാങ്കുഴ വീട്ടിൽ ജോബി ജോസ്, തട്ടുപറമ്പിൽ നിയോമോൻ എന്നിവരാണ് മൂന്നുപേരെയും കനാലിൽനിന്ന് കയറ്റിയത്.

ഹർത്താൽ പ്രഖ്യാപനമുണ്ടായതിനാൽ കോളേജിന് അവധി നൽകിയിരുന്നു. തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന നാലുപേരും ചേർന്ന് കുളിക്കാൻ കനാലിൽ വരികയായിരുന്നു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഹബീബ്-സബീന ദന്‌പതികളുടെ മകനാണ് അജ്‌മൽ. സഹോദരി: അസ്‌ന. കോയക്കുട്ടിയാണ് അജ്സലിന്റെ ബാപ്പ. ഉമ്മ: ലൈല. സഹോദരി:അജ്സല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356068/the-cries-are-deafening-ajmal-and-ajzal-are-in-tears)