---
title: "തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത ;  ദമ്പതികൾക്കും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം"
english_title: "Discomfort after eating watermelon; Tragic end for couple and two daughters."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355822/discomfort-after-eating-watermelon-tragic-end-for-couple-and-two-daughters"
published_at: "2026-04-27T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef6d4444a15_1000580878.jpg"
keywords: []
---

# തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത ;  ദമ്പതികൾക്കും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം

> **Lead Summary:** തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ദമ്പതികൾക്കും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം.

## Article Content

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ദമ്പതികൾക്കും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം.

മുംബൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 40കാരനായ അബ്ദുല്ല ദോക്കാദിയ ഭാര്യ നസ്രീൻ ദോക്കാദിയ (35) മക്കളായ ഐഷ (16) സൈനബ് (13) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി അബ്ദുല്ലയുടെ കുടുംബവും അടുത്ത ബന്ധുക്കൾക്കായി ഒരു വിരുന്ന് സംഘടിപ്പിരുന്നു. അബ്ദുല്ലയുടെ കുടുംബമടക്കം 9 പേരാണ് വീട്ടിൽതന്നെ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തത്. ബിരിയാണി കഴിച്ച ശേഷം രാത്രിയോടെ ബന്ധുക്കളെല്ലാം മടങ്ങി. എന്നാൽ കിടക്കും മുൻപ് വീട്ടിലുണ്ടായിരുന്ന തണ്ണിമത്തൻ മുറിച്ച് അബ്ദുല്ലയും കുടുംബവും കഴിച്ചു. പുലർച്ചെ 5.30യോടെ നാലുപേർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി.

ആദ്യം കുടുംബ ഡോക്ടറെ സമീപിച്ചെങ്കിലും നില വഷളായതോടെ നാലുപേരെയും മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ മൂത്ത മകളും ഭാര്യയും ആദ്യം മരിച്ചു. രണ്ടാമത്തെ മകൾ ഞായറാഴ്ച പുലർച്ചെയോടെയും അബ്ദുല്ല ഞായറാഴ്‌ച രാത്രിയോടെയും മരണത്തിന് കീഴടങ്ങി.

മരിക്കുന്നതിന് മുൻപ് അബ്ദുല്ല പൊലീസിന് നൽകിയ മൊഴിയിൽ തണ്ണിമത്തൻ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരുന്നത്. 9 പേരും ബിരിയാണി കഴിച്ചിരുന്നെങ്കിലും തണ്ണിമത്തൻ കഴിച്ച നാലുപേർ മാത്രമാണ് മരിച്ചത്. ഇതോടെ തണ്ണിമത്തനിലൂടെ ഏറ്റ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355822/discomfort-after-eating-watermelon-tragic-end-for-couple-and-two-daughters)