---
title: "അമ്മയെയും മകനെയും വീട്ടിൽ കയറി വെട്ടിക്കൊന്ന ശേഷം പ്രതി ജീവനൊടുക്കി"
english_title: "Accused kills mother and son after breaking into home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355324/accused-kills-mother-and-son-after-breaking-into-home"
published_at: "2026-04-25T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec571aa6f4e_1000578135.jpg"
keywords: []
---

# അമ്മയെയും മകനെയും വീട്ടിൽ കയറി വെട്ടിക്കൊന്ന ശേഷം പ്രതി ജീവനൊടുക്കി

> **Lead Summary:** ഒമല്ലൂരിൽ അമ്മയെയും മകനെയും വീട്ടിൽ കയറി വെട്ടിക്കൊന്ന ശേഷം പ്രതി ജീവനൊടുക്കി.

## Article Content

ഒമല്ലൂരിൽ അമ്മയെയും മകനെയും വീട്ടിൽ കയറി വെട്ടിക്കൊന്ന ശേഷം പ്രതി ജീവനൊടുക്കി.

കറുത്തനൂർ സ്വദേശിനി സത്യ (31), മകൻ കിഷന്ദ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി വെള്ളാലപട്ടി സ്വദേശി ശക്തിവേലിനെ (38) പിന്നീട് ആത്മഹത്യ ചെയ്ത‌ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭർത്താവിൽ നിന്ന് അകന്ന് കഴിയുന്ന സത്യ, 13 വയസ്സുള്ള മകൾക്കും മകനുമൊപ്പം അമ്മയുടെ ഫാമിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഒമല്ലൂരിലെ ഇലക്ട്രോണിക്സ‌് കടയിൽ ജീവനക്കാരിയാണ്. ഇതിനിടെ, കടയുടെ മാനേജർ കരുപ്പൂരിനടുത്തുള്ള വെള്ളാലപട്ടിയിലെ ആർ. ശക്തിവേലുമായി പ്രണയത്തിലായി. മൂന്നുമാസംമുമ്പ് ഇരുവരും തമ്മിൽ പിണക്കം ഉടലെടുത്തു.

വ്യാഴാഴ്‌ച രാത്രി 10 മണിയോടെ ശക്തിവേൽ സത്യയുടെ വീട്ടിലെത്തി വാതിലിൽ മുട്ടി. വാതിൽ തുറന്ന ഉടൻ മകനെയും സത്യയെയും അരിവാൾ കൊണ്ട് ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാർ സ്ഥലത്തെത്തിയപ്പോഴേക്കും ശക്തിവേൽ ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ മകൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചോരയിൽ കുളിച്ചുകിടന്ന സത്യയെ നാട്ടുകാർ സേലത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരണത്തിന് കീഴടങ്ങി.

ഇതിന് പിന്നാലെയാണ് ഇന്നലെ വെള്ളാലപട്ടിയിലെ തൻ്റെ വീടിനടുത്തുള്ള കൃഷിയിടത്തിൽ ശക്തിവേൽ ആത്മഹത്യ ചെയ്ത‌ത്. കരുപ്പൂർ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സേലത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൊലപാതകം നടക്കുമ്പോൾ സത്യയുടെ മൂത്ത മകൾ മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355324/accused-kills-mother-and-son-after-breaking-into-home)