---
title: "മക്കളുടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ; ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്  "
english_title: "Argument over delay in children's marriage; Husband stabs wife to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354020/argument-over-delay-in-childrens-marriage-husband-stabs-wife-to-death"
published_at: "2026-04-18T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e32f886b731_Untitled-19.jpg"
keywords: []
---

# മക്കളുടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ; ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്  

> **Lead Summary:** ബംഗളൂരു: മക്കളുടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതക ശ്രമത്തിൽ കലാശിച്ചു. കസവനഹള്ളിയിൽ താമസിക്കുന്ന സർജാപൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപിക ദുര ഷഹ്‌വാറിനാണ് ഗുരുതരമായി പരിക്കേറ്റത്. 

## Article Content

ബംഗളൂരു: മക്കളുടെ വിവാഹം വൈകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതക ശ്രമത്തിൽ കലാശിച്ചു. കസവനഹള്ളിയിൽ താമസിക്കുന്ന സർജാപൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപിക ദുര ഷഹ്‌വാറിനാണ് ഗുരുതരമായി പരിക്കേറ്റത്. 

സംഭവത്തിൽ ഭർത്താവ് മുഹമ്മദ് മുനവറിനെ (69) ബെല്ലന്ദൂർ പൊലീസ് അറസ്റ്റ് ചെയ്തു.മക്കൾക്ക് പ്രായമേറിയിട്ടും വിവാഹം കഴിക്കാൻ തയ്യാറാകാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നു. മക്കളെ വിവാഹത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച വൈകുന്നേരം മുനവർ ഭാര്യയുമായി വീണ്ടും തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ മുനവർ കത്തിയെടുത്ത് ദുര ഷഹ്‌വാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റ് ഹാൻഡിൽ ഉപയോഗിച്ച് തലയിൽ അടിക്കുകയും ചെയ്തു.

നിലവിളി കേട്ട് ഓടിയെത്തിയ മകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ദുര ഷഹ്‌വാറിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. മകളുടെ പരാതിയിൽ കേസെടുത്ത പൊലീസ് മുനവറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354020/argument-over-delay-in-childrens-marriage-husband-stabs-wife-to-death)