---
title: "വിഷുക്കണിയുമായെത്തിയ കുട്ടികൾക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി ; യുവാവിനെതിരെ കേസെടുത്തു"
english_title: "A case has been registered against a youth who threatened children who came to celebrate Vishu Kani with a gun."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353731/a-case-has-been-registered-against-a-youth-who-threatened-children-who-came-to-celebrate-vishu-kani-with-a-gun"
published_at: "2026-04-17T06:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e187dae8a35_1000569168.png"
keywords: []
---

# വിഷുക്കണിയുമായെത്തിയ കുട്ടികൾക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി ; യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** പള്ളുരുത്തി വിഷുക്കണി കാണിക്കാൻ ഇറങ്ങിയ കുട്ടികൾക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പനങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു.

## Article Content

പള്ളുരുത്തി വിഷുക്കണി കാണിക്കാൻ ഇറങ്ങിയ കുട്ടികൾക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പനങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു.

പനങ്ങാട് പികെഎം റോഡ് വള്ളുവശേരി ജെൽസനെതിരെയാണ് (33) പനങ്ങാട് പൊലീസ് കേസെടുത്തത്. ബുധൻ പുലർച്ചെ ഒന്നിനാണ് സംഭവം. പ്രദേശത്തെ വീടുകളിൽ കണി കാണിക്കുന്ന കൂട്ടത്തിലാണ് അഞ്ചോളം കുട്ടികൾ ജെൽസന്റെ വീട്ടിൽ കയറിയത്.

പുറത്ത് ശബ്ദം കേട്ടപ്പോൾ ജെൽസന്റെ കുടുംബാംഗങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് തോക്കുമായി വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് കുട്ടികൾ പറഞ്ഞു. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ചിതറിയോടിയ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. പനങ്ങാട് പൊലീസിൽ പുലർച്ചെ മൂന്നിന് പരാതി നൽകി. തുടർന്ന് ജെൽസനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് എയർ ഗൺ കസ്റ്റഡിയിലെടുത്തു. തോക്കിൽ പെല്ലറ്റുകൾ ഇല്ലെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353731/a-case-has-been-registered-against-a-youth-who-threatened-children-who-came-to-celebrate-vishu-kani-with-a-gun)