---
title: "നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം ; കായികാധ്യാപകന് ദാരുണാന്ത്യം"
english_title: "Out of control car hits bike in accident; Physical education teacher dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352710/out-of-control-car-hits-bike-in-accident-physical-education-teacher-dies-tragically"
published_at: "2026-04-10T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8ea9095033_1000560682.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം ; കായികാധ്യാപകന് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: നഗരത്തെ നടുക്കിയ വാഹനാപകടത്തിൽ ദേശീയ ഹാൻഡ്ബോൾ താരവും പ്രിയ കായികാധ്യാപകനുമായ വി. അജിത് കുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രി പത്തരയോടെ ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

## Article Content

കൊല്ലം: നഗരത്തെ നടുക്കിയ വാഹനാപകടത്തിൽ ദേശീയ ഹാൻഡ്ബോൾ താരവും പ്രിയ കായികാധ്യാപകനുമായ വി. അജിത് കുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രി പത്തരയോടെ ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

ആശ്രാമം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ ബൈക്കിൽ വരികയായിരുന്ന അജിത് കുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ ഇടറോഡിലേക്ക് തെറിച്ചുവീണ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്‌കൂളിലെ കായികാധ്യാപകനായ അജിത് കുമാർ, സ്പോർട്‌സ് മേഖലയിലും അധ്യാപന രംഗത്തും ഒരുപോലെ പ്രിയങ്കരനായിരുന്നു. അപകടസമയത്ത് കാറിൽ നാലുപേരാണ് ഉണ്ടായിരുന്നതെന്നും ഇതിൽ രണ്ടുപേർ ഉടൻതന്നെ ഓടിരക്ഷപ്പെട്ടതായും ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

റോഡിലാകെ രക്തം തളംകെട്ടിനിൽക്കുന്ന അതിഭീകരമായ കാഴ്‌ചയായിരുന്നു അപകടസ്ഥലത്ത് ഉണ്ടായിരുന്നത്. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352710/out-of-control-car-hits-bike-in-accident-physical-education-teacher-dies-tragically)