---
title: "ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി പത്തുവയസുകാരന് ദാരുണാന്ത്യം"
english_title: "Ten-year-old dies tragically after food gets stuck in his lungs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352267/ten-year-old-dies-tragically-after-food-gets-stuck-in-his-lungs"
published_at: "2026-04-08T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6293be78ed_1000558019.jpg"
keywords: []
---

# ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി പത്തുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** വിനോദയാത്രാ സംഘാംഗമായ പത്ത് വയസ്സുകാരൻ അമ്യൂസ്മെൻ്റ് പാർക്കിൽ മരിച്ചു. വിതുര തേവിയോട് മാതളം നെൽസാ ഹൗസിൽ നബീഷിന്റെയും ധന്യയുടെയും മകൻ അഖുൽ ശിവയാണ് മരിച്ചത്.

## Article Content

വിനോദയാത്രാ സംഘാംഗമായ പത്ത് വയസ്സുകാരൻ അമ്യൂസ്മെൻ്റ് പാർക്കിൽ മരിച്ചു. വിതുര തേവിയോട് മാതളം നെൽസാ ഹൗസിൽ നബീഷിന്റെയും ധന്യയുടെയും മകൻ അഖുൽ ശിവയാണ് മരിച്ചത്.

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്നും ഭക്ഷണം കഴിച്ചയുടനെ പാർക്കിലെ കുളത്തിൽ ചാടിയതിനാൽ ഛർദ്ദിയും ദേഹാസ്വസ്ഥ്യവുമുണ്ടായതാണ് മരണ കാരണമെന്നും പറയപ്പെടുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക് പിരപ്പൻകോടിന് സമീപമുള്ള സ്വകാര്യ വിനോദ കേന്ദ്രത്തിലായിരുന്നു സംഭവം.

ബന്ധുക്കളായ 11 പേർക്കൊപ്പമാണ് കുട്ടിയെത്തിയത്. ഉച്ചക്ക് എല്ലാവരുമൊന്നിച്ച് ഭക്ഷണം കഴിക്കാനിരുന്ന കുട്ടി മറ്റുള്ളവർ ഭക്ഷണം കഴിച്ച് പൂർത്തിയാക്കുന്നതിനിടെ പൂളിലേക്ക് ചാടി. ഇതോടെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടാവുകയും പാർക്കിലെ ജീവനക്കാർ കുട്ടിയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

വിതുര ഗവ.യു.പി. എസിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: നിഖ കൃഷ്ണ‌. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352267/ten-year-old-dies-tragically-after-food-gets-stuck-in-his-lungs)