---
title: "അധ്യാപകനുമായി പ്രണയമെന്ന് പ്രചരിപ്പിച്ചു; മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി"
english_title: "Student commits suicide after being rumored to be in love with teacher."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/351204/student-commits-suicide-after-being-rumored-to-be-in-love-with-teacher"
published_at: "2026-04-02T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce916fd9a3d_1000402040.png"
keywords: []
---

# അധ്യാപകനുമായി പ്രണയമെന്ന് പ്രചരിപ്പിച്ചു; മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

> **Lead Summary:** ബംഗളൂരു: കർണാടകയിൽ സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി.

## Article Content

ബംഗളൂരു: കർണാടകയിൽ സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി.

22കാരിയായ നിഖിത എം യു ആണ് ആത്മഹത്യ ചെയ്‌തത്‌. മല്ലടിഹള്ളി രാഘവേന്ദ്ര ആയുർവേദ കോളേജിൽ ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിയായിരുന്നു. കോളേജിലെ ഒരു പ്രൊഫസറുമായി നിഖിതയ്ക്ക് ബന്ധമുണ്ടെന്ന് സഹപാഠികൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.

കർണാടകയിലെ സ്വവസതിയിലാണ് നിഖിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ ലക്ചററായ ഡോ. രാജു എന്നയാളുമായി നിഖിത നല്ല ബന്ധം പുലർത്തിയിരുന്നു. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിൽ സഹപാഠികൾ കിംവദന്തി പ്രചരിപ്പിച്ചെന്നും ഇത് മകൾക്ക് മാനസിക വിഷമമുണ്ടാക്കിയെന്നും വിദ്യാർഥിയുടെ പിതാവ് ഉമാശങ്കർ ജി എൻ പറഞ്ഞു.

സഹപാഠികൾ ആവർത്തിച്ച് പരിഹസിക്കുകയും അപവാദ പ്രചാരണം തുടരുകയും ചെയ്‌തതോടെ നിഖിത മാനസിക സംഘർഷത്തിലായി. അത്തരം പ്രചാരണങ്ങൾ അവഗണിച്ച് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരികകാൻ മാതാപിതാക്കൾ ഉപദേശിച്ചിരുന്നു. മാനസിക സമ്മർദ്ദം സഹിക്കാൻ കഴിയാതെ ബുധനാഴ്‌ച രാവിലെ 11ഓടെ നിഖിത ആത്മഹത്യ ചെയ്യുകയായിരുന്നു.

നിഖിതയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ഉത്തരവാദികളായ സഹപാഠികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/351204/student-commits-suicide-after-being-rumored-to-be-in-love-with-teacher)