---
title: "ശക്തമായ കാറ്റിലും മഴയിലും നാശം ; വീടുകൾക്കും പള്ളികൾക്കും ഓഫീസുകൾക്കും നാശനഷ്‌ടം"
english_title: "Strong winds and rain cause damage; homes, churches and offices damaged."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350595/strong-winds-and-rain-cause-damage-homes-churches-and-offices-damaged"
published_at: "2026-03-30T13:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca293a10741_1000546849.png"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും നാശം ; വീടുകൾക്കും പള്ളികൾക്കും ഓഫീസുകൾക്കും നാശനഷ്‌ടം

> **Lead Summary:** കോതമംഗലം : വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്കും പള്ളികൾക്കും ഓഫീസുകൾക്കും നാശനഷ്‌ടം സംഭവിച്ചു.

## Article Content

കോതമംഗലം : വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾക്കും പള്ളികൾക്കും ഓഫീസുകൾക്കും നാശനഷ്‌ടം സംഭവിച്ചു.

കാർഷികവിളകളും നശിച്ചു. ആളപായമില്ല. ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ കോതമംഗലം, കോട്ടപ്പടി, നെല്ലിക്കുഴി, പിണ്ടിമന പ്രദേശങ്ങളിൽ റോഡിലേക്കും വൈദ്യുതി കമ്പിയിലേക്കും മരംമറിഞ്ഞ് ഗതാഗത തടസ്സവും മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു.

നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പൂക്കുഴിമോളത്ത് ആശാരിപറമ്പിൽ രതീഷിന്റെ തകരഷീറ്റ് മേഞ്ഞ വീടിൻ്റെ മേൽക്കൂര കാറ്റിൽ മറിഞ്ഞുവീണു. കുപ്പശ്ശേരിമോളം വാണിയംപുരയിൽ ഉമ്മറിൻ്റെ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് ഭാഗികനാശം സംഭവിച്ചു.

കോട്ടപ്പടി മൂന്നാംതോട് പുളിക്കപ്പറമ്പിൽ അഷ്റഫിന്റെ വാർക്കവീടിന് മുകളിലേക്ക് തേക്കുമരം മറിഞ്ഞ്് ശൗചാലയത്തിന്റെ ഭാഗം തകർന്നു. ആനക്കല്ല് ഭാഗത്ത് മേച്ചേരിൽ അമ്മിണിയുടെ വീടിൻ്റെ മേൽക്കൂര തകർന്നു. മർത്തമറിയം വലിയപള്ളിയിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോട്ടപ്പടി കൽക്കുന്നേൽ സെയ്ന്റ് ജോർജ് പള്ളിയുടെ മേൽക്കൂരയും ഭാഗികമായി തകർന്നു. മരങ്ങളും മരച്ചില്ലകളും വീണ് വൈദ്യുതി പോസ്റ്റുകളും ലൈനും തകർന്നു. വൈദ്യുതി മണിക്കൂറുകളോളം മുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350595/strong-winds-and-rain-cause-damage-homes-churches-and-offices-damaged)