---
title: "വൻ ലഹരി വേട്ട ; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ"
english_title: "Massive drug bust; Two youths arrested by police."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350570/massive-drug-bust-two-youths-arrested-by-police"
published_at: "2026-03-30T11:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca13c530cc7_1000546681.jpg"
keywords: []
---

# വൻ ലഹരി വേട്ട ; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

> **Lead Summary:** പിറവം: തിരഞ്ഞെടുപ്പ് സുരക്ഷാ പരിശോധനകൾക്കിടെ കൈപ്പട്ടൂർ - ചെറുകര റോഡിൽ വൻ കഞ്ചാവ് വേട്ട.

## Article Content

പിറവം: തിരഞ്ഞെടുപ്പ് സുരക്ഷാ പരിശോധനകൾക്കിടെ കൈപ്പട്ടൂർ - ചെറുകര റോഡിൽ വൻ കഞ്ചാവ് വേട്ട.

പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്ലാം (24), റബീഉൽ ഷെയ്ഖ് (26) എന്നിവരെയാണ് 20 കിലോ കഞ്ചാവുമായി മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കൈപ്പട്ടൂർ - ചെറുകര റോഡരികിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. ഇലക്ഷനോടനുബന്ധിച്ച് ചെറുകര ഭാഗത്ത് പരിശോധന നടത്തിയിരുന്ന സ്റ്റാറ്റ്യൂട്ടറി സർവൈലൻസ് ടീം-5 (SST) ഉദ്യോഗസ്ഥരാണ് റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ രണ്ട് വലിയ ബാഗുകൾ കണ്ടെത്തിയത്.

ബോർഡർ ചെക്കിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ബാഗുകൾക്കുള്ളിൽ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പരിശോധനകൾ കർശനമായതോടെ കഞ്ചാവ് കടത്താൻ കഴിയാതെ പ്രതികൾ ബാഗുകൾ വഴിയിൽ ഉപേക്ഷിച്ച് സമീപത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ വലയിലാക്കിയത്.

ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച ഏകദേശം 2 ലക്ഷം രൂപ വിപണി വില വരുന്ന കഞ്ചാവ് മുളന്തുരുത്തിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. എറണാകുളം ജില്ലാ പോലീസ് മേധാവി സുദർശൻ ഐ.പി.എസിന്റെ ഉത്തരവനുസരിച്ച്, പുത്തൻകുരിശ് ഡി.വൈ.എസ്.പി നിഷാദ് മോൻ്റെ നിർദ്ദേശാനുസരണം മുളന്തുരുത്തി ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സബ് ഇൻസ്പെക്ടർമാരായ പ്രിൻസി ആർ, പ്രവീൺ കുമാർ എസ്, GSCPOമാരായ ബിബിൻ, സുജിത്, DVR CPO സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.....

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350570/massive-drug-bust-two-youths-arrested-by-police)