---
title: "പിറവത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം ; കാറുമായി കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ നാട്ടുകാരിൽ ഒരാൾക്ക് വിദ്യാർത്ഥികളുടെ മർദ്ദനം"
english_title: "A car carrying college students in Piravathi collided with an autorickshaw, killing the driver; a local man who tried to stop him from driving away with the car was beaten up by the students."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350116/a-car-carrying-college-students-in-piravathi-collided-with-an-autorickshaw-killing-the-driver-a-local-man-who-tried-to-stop-him-from-driving-away-with-the-car-was-beaten-up-by-the-students"
published_at: "2026-03-27T20:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c69a3c55482_1000543864.jpg"
keywords: []
---

# പിറവത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം ; കാറുമായി കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ നാട്ടുകാരിൽ ഒരാൾക്ക് വിദ്യാർത്ഥികളുടെ മർദ്ദനം

> **Lead Summary:** പിറവം: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.ഇന്ന് ഉച്ചയോടെ ഓണക്കൂറിലാണ് സംഭവം.

## Article Content

പിറവം: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.ഇന്ന് ഉച്ചയോടെ ഓണക്കൂറിലാണ് സംഭവം.

കെ.എസ്.ആർടിസി റിട്ട.ഡ്രൈവർ ഓണക്കൂർ ഇലവനാക്കുഴിയിൽ സോമൻ (59) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ വിദ്യാർത്ഥികൾ മർദ്ധിച്ചതായും പരാതിയുണ്ട്.

ഇതിനെ തുടർന്ന് ഓണക്കൂർ ചിന്മയ യൂണിവേഴ്‌സിറ്റിക്ക് മുമ്പിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

അതേസമയം കാറിൽ സഞ്ചരിച്ചിരുന്ന 4 വിദ്യാർത്ഥികൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. രണ്ടു പേര് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. മറ്റു രണ്ടുപേരെ കോളേജ് കാമ്പസിൽ നിന്നും പോലീസ് പിടികൂടി. എന്നാൽ നാട്ടുകാരനെ മർദിച്ച വിദ്യാർത്ഥിയെ പിടികൂടാൻ കഴിയാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഓട്ടോ തലകീഴായി മറിയുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് കാറുമായി കടന്നുകളയാൻ ശ്രമിച്ച വിദ്യാർത്ഥികളെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.

ഇതിനിടയിൽ നാട്ടുകാരിൽ ഒരാളെ വിദ്യാർത്ഥികൾ മർദിച്ചു. രക്ഷാപ്രവത്തനത്തിനും തടസം നിന്നതായി ആക്ഷേപമുണ്ട്. പരുക്കേറ്റ സോമനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോമന്റെ മരണ വിവരം അറിഞ്ഞതോടെയാണ് നാട്ടുകാർ യൂണിവേഴ്‌സിറ്റിയുടെ കവാടം ഉപരോധിച്ച് സമരം ആരംഭിച്ചത്.

കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പോലീസ്‌ നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് മണിക്കൂറുകൾക്ക് ശേഷം സംഘർഷത്തിന് അയവ് വന്നത്. ജനപ്രതിനിധികൾ ഉൾപ്പടെ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350116/a-car-carrying-college-students-in-piravathi-collided-with-an-autorickshaw-killing-the-driver-a-local-man-who-tried-to-stop-him-from-driving-away-with-the-car-was-beaten-up-by-the-students)