---
title: "അമിതവേഗത്തിലെത്തിയ എസ്യു‌വി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർക്ക്‌ ദാരുണാന്ത്യം"
english_title: "Five members of a family die after speeding SUV hits autorickshaw."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350067/five-members-of-a-family-die-after-speeding-suv-hits-autorickshaw"
published_at: "2026-03-27T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c653f4c8879_1000543577.png"
keywords: []
---

# അമിതവേഗത്തിലെത്തിയ എസ്യു‌വി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർക്ക്‌ ദാരുണാന്ത്യം

> **Lead Summary:** ഗ്വാളിയോർ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ വാഹനാപകടത്തിൽ അഞ്ച് മരണം. അമിതവേഗത്തിലെത്തിയ എസ്യു‌വി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

## Article Content

ഗ്വാളിയോർ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ വാഹനാപകടത്തിൽ അഞ്ച് മരണം. അമിതവേഗത്തിലെത്തിയ എസ്യു‌വി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 2.50 ഓടെ ഗ്വാളിയോർ പരശുറാം ചൗരാഹയിൽ വച്ചായിരുന്നു അപകടം. അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്ന് പൊലീസ് പിന്തുടർന്ന എസ്‌യുവിയാണ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയത്. അപകടശേഷം ശേഷം രക്ഷപ്പെടാൻ ശ്രമിച്ച എസ്‌യുവി ഡ്രൈവറെ അറസ്റ്റ് ചെയ്തു.

രാമനവമി ആഘോഷത്തിൽ പങ്കെടുത്ത് ശീതള മാതാ ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗ്വാളിയോർ സോൺ ഐജി അരവിന്ദ് സക്സേന പറഞ്ഞു. ഗ്വാളിയോർ ബസ് സ്റ്റാൻഡിന് സമീപം ഒരു ഇ-റിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് എസ്യു‌വി പൊലീസ് പിന്തുടരുകയായിരുന്നവെന്ന് സക്സേന പറഞ്ഞു.

അമിത വേഗത്തിലെത്തിയ എസ്തുവി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറി. ഓട്ടോറിക്ഷ പൂർണമായി തകർന്നു. പൊലീസാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. നാല് പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്.

ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്യപ് (60) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ് എല്ലാവരും. പ്രീതി (20), പ്രിയാൻഷ് (5), ആരവ് (6), ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ (28) എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. എസ്യു‌വി ഡ്രൈവർ അമൻ ശർമയെ (26) പൊലീസ് അറസ്റ്റ് ചെയ്‌തതായി സക്സേന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350067/five-members-of-a-family-die-after-speeding-suv-hits-autorickshaw)