---
title: "മദ്യം നൽകാത്തതിലുള്ള വൈരാഗ്യം ; ഹോട്ടൽ ജീവനക്കാരനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു , യുവാവ് അറസ്റ്റിൽ"
english_title: "Anger over not serving alcohol; Hotel employee stabbed to death with scissors, youth arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349995/anger-over-not-serving-alcohol-hotel-employee-stabbed-to-death-with-scissors-youth-arrested"
published_at: "2026-03-27T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c61db5bd342_1000543300.png"
keywords: []
---

# മദ്യം നൽകാത്തതിലുള്ള വൈരാഗ്യം ; ഹോട്ടൽ ജീവനക്കാരനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു , യുവാവ് അറസ്റ്റിൽ

> **Lead Summary:** കട്ടപ്പന: മദ്യം നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഹോട്ടൽ ജീവനക്കാരനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.

## Article Content

കട്ടപ്പന: മദ്യം നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഹോട്ടൽ ജീവനക്കാരനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.

ഏലപ്പാറയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫ്(45) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന പശ്ചിമബംഗാൾ നാദിയ സ്വദേശി സൈഫുദ്ദീൻ മണ്ഡലി (33) നെ സ്വദേശത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴം രാവിലെ ഏലപ്പാറയിലെ ലോഡ്‌ജിലാണ് സംഭവം. ഇരുവരും ഒരാഴ്‌ചയായി ഏലപ്പാറയിലെ ഹോട്ടലിൽ ജോലി ചെയ്‌തുവരികയായിരുന്നു. സൈഫുദ്ദീന് മദ്യം നൽകാത്തതിനെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്ന് ഇയാൾ മനുവിനെ കുത്തിക്കൊന്നശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഹോട്ടലിൽ ജോലി ചെയ്യുന്ന മറ്റുള്ളവരാണ് മനുവിനെ തലയ്ക്കും മുഖത്തും മാരകമായി മുറിവേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ഒപ്പമുണ്ടായിരുന്ന സൈഫുദ്ദീനെ കാണാതായത് സംശയത്തിനിടയാക്കി.

പ്രതി സ്വദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ട്രെയിനിൽ കയറാൻ ശ്രമിച്ച പ്രതിയെ കോട്ടയം പൊലീസിന്റെ സഹായത്തോടെ ആറുമണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. പീരുമേട് ഡിവൈഎസ്‌പി സാജു വർഗീസ്, എസ്എച്ച്ഒ ഗോപി ചന്ദ്രൻ, എസ്ഐ വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349995/anger-over-not-serving-alcohol-hotel-employee-stabbed-to-death-with-scissors-youth-arrested)