---
title: "നിയന്ത്രണം വിട്ട ബസ് മീഡിയന്‍ തകര്‍ത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം ; എട്ട് പേര്‍ക്ക് ദാരുണാന്ത്യം , മരിച്ചവരില്‍ രണ്ട് കുട്ടികളും"
english_title: "An out-of-control bus crashed into a median and crashed into other vehicles; eight people died, including two children."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348926/an-out-of-control-bus-crashed-into-a-median-and-crashed-into-other-vehicles-eight-people-died-including-two-children"
published_at: "2026-03-21T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be3d0c4f976_accideng.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബസ് മീഡിയന്‍ തകര്‍ത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം ; എട്ട് പേര്‍ക്ക് ദാരുണാന്ത്യം , മരിച്ചവരില്‍ രണ്ട് കുട്ടികളും

> **Lead Summary:** ചെന്നൈ: നിയന്ത്രണം വിട്ട തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് മീഡിയന്‍ തകര്‍ത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം.

## Article Content

ചെന്നൈ: നിയന്ത്രണം വിട്ട തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് മീഡിയന്‍ തകര്‍ത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം.

മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. സേലം ദേശീയപാതയില്‍ അരിയന്നൂരിന് സമീപം ഉത്തമസോലാപുരത്ത് വെള്ളിയാഴ്ചയാണ് സംഭവം.സേലം പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായാണ് നിയന്ത്രണം വിട്ട് സെന്‍ട്രല്‍ മീഡിയനില്‍ ഇടിച്ച് എതിര്‍വശത്തുള്ള പാതയിലേക്ക് കയറിയത്. 40 യാത്രികരാണ് ബസിലുണ്ടായിരുന്നത്.

കോയമ്പത്തൂരില്‍ നിന്നും സേലത്തേക്ക് വരികയായിരുന്നു ബസ്. നിയന്ത്രണം വിട്ട് എതിര്‍ദിശയിലെ റോഡിലേക്ക് കയറിയ ബസും എതിർദിശയില്‍ നിന്നും വന്ന ടെമ്പോയും ആദ്യം കൂട്ടിയിടിച്ചു. ഇതിന് പിന്നാലെ വന്ന ബൈക്കും ബസിലിടിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പതിനൊന്ന് അംഗ കുടുംബമാണ് ടെമ്പോയിൽ ഉണ്ടായിരുന്നത്. സെല്‍വരാജ്, മുരുകന്‍, അമുദ, മണികണ്ഠന്‍, ഇരുസായി, മണികണ്ഠന്റെ പങ്കാളി സത്യ, അഞ്ച് വയസുകാരി നിതിഷ, പതിനൊന്ന് മാസം മാത്രം പ്രായമുള്ള ജീവിക എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊണ്ടാലംപട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് ഒരാള്‍ മരിച്ചത്. ബാക്കിയുള്ളവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348926/an-out-of-control-bus-crashed-into-a-median-and-crashed-into-other-vehicles-eight-people-died-including-two-children)