---
title: "സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ അറസ്റ്റിൽ"
english_title: "IT manager arrested for stalking and harassing film actress."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348886/it-manager-arrested-for-stalking-and-harassing-film-actress"
published_at: "2026-03-21T10:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be28f195c67_1000537326.png"
keywords: []
---

# സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമം; പിന്തുടർന്ന് ശല്യം ചെയ്ത ഐടി മാനേജർ അറസ്റ്റിൽ

> **Lead Summary:** എറണാകുളം : സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പോലീസ് പിടിയിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

എറണാകുളം : സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പോലീസ് പിടിയിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച‌ വൈകീട്ട് കലൂർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു സ്ഥാപനത്തിൽ എത്തിയപ്പോഴായിരുന്നു നടിക്കുനേരെ അതിക്രമമുണ്ടായത്. പ്രതി നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പിന്നീട് കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിപിൻ റോയി പിടിയിലായത്.

ഇയാളെ പിടികൂടാനായി അപ്പോൾ തന്നെ പൊലീസ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വിപിൻ റോയ് കതൃക്കടവിലെ വീട്ടിൽ എത്തിയെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് അവിടെ എത്തിയാണ് അറസ്റ്റ് ചെയ്‌തത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

എംബിഎ ബിരുദധാരിയായ വിപിൻ റോയ് കാക്കനാട്ടുള്ള ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന പരാതിയും യുവാവിനെതിരെ നടി ഇപ്പോൾ നൽകിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലടക്കം നിരന്തരം ഇയാൾ മെസേജ് അയക്കാറുണ്ടായിരുന്നു എന്നും ഇത്രയും നാൾ റിപ്ലെ നൽകാതെ ഒഴിവാക്കി വിടുകയായിരുന്നു താനെന്നുമാണ് നടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348886/it-manager-arrested-for-stalking-and-harassing-film-actress)