---
title: "മദ്യലഹരിയിൽ തർക്കം; യുവാവിന് കുത്തേറ്റു , പ്രതികൾ ഒളിവിൽ"
english_title: "A drunken argument; a young man was stabbed, the accused are absconding."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348736/a-drunken-argument-a-young-man-was-stabbed-the-accused-are-absconding"
published_at: "2026-03-20T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bce2d44acd7_1000373857.png"
keywords: []
---

# മദ്യലഹരിയിൽ തർക്കം; യുവാവിന് കുത്തേറ്റു , പ്രതികൾ ഒളിവിൽ

> **Lead Summary:** ആലപ്പുഴ: ഏഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു.

## Article Content

ആലപ്പുഴ: ഏഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു.

കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്‌ണ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അരൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് സംശയിക്കുന്ന എഴുപുന്ന കരിമാഞ്ചേരി സ്വദേശികളായ മൂന്ന് പേർ ഒളിവിലാണ്.

ഇന്നലെ രാത്രി 11 മണിയോടെ അരൂർ പാലസ് ബാറിന് മുൻവശത്താണ് സംഭവം. ഏഴുപുന്നയിൽ നിന്നും കുമ്പളങ്ങിയിൽ നിന്നുമെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. വാക്കുതർക്കം ആദ്യം സംഘർഷത്തിൽ കലാശിച്ചെങ്കിലും ഇരുകൂട്ടരും പിരിഞ്ഞുപോയിരുന്നു. എന്നാൽ പിന്നീട് വീണ്ടും കയ്യാങ്കളിയുണ്ടാകുകയും, ഇതിനിടെ നിതിൻ കൃഷ്ണ‌യുടെ നെഞ്ചിൽ കുത്തേൽക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. ബാറിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേർ ചേർന്ന് നിതിനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348736/a-drunken-argument-a-young-man-was-stabbed-the-accused-are-absconding)