---
title: "13 വയസ്സുള്ള മകൻ്റെ സാന്നിധ്യത്തിൽ ഭാര്യയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ"
english_title: "Husband arrested for murdering wife by pushing her in front of a moving train in the presence of their 13-year-old son."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348324/husband-arrested-for-murdering-wife-by-pushing-her-in-front-of-a-moving-train-in-the-presence-of-their-13-year-old-son"
published_at: "2026-03-18T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba2688d7b88_1000406193.png"
keywords: []
---

# 13 വയസ്സുള്ള മകൻ്റെ സാന്നിധ്യത്തിൽ ഭാര്യയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** മുംബൈ : കുടുംബതർക്കത്തെത്തുടർന്ന് മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസ്സുള്ള മകൻ്റെ സാന്നിധ്യത്തിൽ ഭാര്യയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇലക്ട്രീഷ്യൻ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്‌പയാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് റെയിൽവേ പോലീസ് പിടികൂടിയത്.

## Article Content

മുംബൈ : കുടുംബതർക്കത്തെത്തുടർന്ന് മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസ്സുള്ള മകൻ്റെ സാന്നിധ്യത്തിൽ ഭാര്യയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇലക്ട്രീഷ്യൻ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്‌പയാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് റെയിൽവേ പോലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട പുഷ്‌പയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി സഹോദരനും സൈനികനുമായ കമലേഷ് കുമാർ ഗുപ്‌ത പോലീസിനോട് പറഞ്ഞു. മാർച്ച് 14-ന് ഉണ്ടായ തർക്കത്തെത്തുടർന്ന് പുഷ്‌പ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സഹോദരിയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുപോകാനായി കമലേഷ് മുംബൈയിലെത്തി. മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്റെ ഐഡി കാർഡ് രാജുവിൻ്റെ വീട്ടിൽ മറന്നുവെച്ച കാര്യം കമലേഷ് ഓർത്തത്. അത് എടുക്കാനായി മരുമകനൊപ്പം വീട്ടിലേക്ക് പോയ കമലേഷിനെ പ്രതി വീട്ടിനുള്ളിലാക്കി പൂട്ടുകയായിരുന്നു.

തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ പ്രതി, അവിടെ കാത്തുനിന്ന പുഷ്‌പയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് തിരിച്ചറിഞ്ഞത്. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ പുഷ്‌പയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽവാസികളുടെ സഹായത്തോടെ വീടിന് പുറത്തെത്തിയ കമലേഷാണ് പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348324/husband-arrested-for-murdering-wife-by-pushing-her-in-front-of-a-moving-train-in-the-presence-of-their-13-year-old-son)