---
title: "മകളെ ചേർത്തുപിടിച്ച് പിതാവ് 23ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി"
english_title: "Father commits suicide by jumping from 23rd floor while holding daughter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348208/father-commits-suicide-by-jumping-from-23rd-floor-while-holding-daughter"
published_at: "2026-03-17T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9079fa048a_Untitled-15.jpg"
keywords: []
---

# മകളെ ചേർത്തുപിടിച്ച് പിതാവ് 23ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

> **Lead Summary:** **ഗുരുഗ്രാം:** രണ്ടു വയസ്സുകാരിയുമായി പിതാവ് 23-ാം നിലയിൽ നിന്ന് ചാടി മരിച്ചു. ഡൽഹി കിരാരിയിൽ സ്വകാര്യ സ്കൂൾ നടത്തുന്ന രാഹുൽ വിജയ്റാൻ , രണ്ട് വയസ്സുകാരിയായ മകൾ വാമിക എന്നിവരാണ് മരിച്ചത്.

## Article Content

**ഗുരുഗ്രാം:** രണ്ടു വയസ്സുകാരിയുമായി പിതാവ് 23-ാം നിലയിൽ നിന്ന് ചാടി മരിച്ചു. ഡൽഹി കിരാരിയിൽ സ്വകാര്യ സ്കൂൾ നടത്തുന്ന രാഹുൽ വിജയ്റാൻ , രണ്ട് വയസ്സുകാരിയായ മകൾ വാമിക എന്നിവരാണ് മരിച്ചത്.

ഗുരുഗ്രാം സെക്ടർ 102-ലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കോവിഡ് ബാധിച്ച സമയത്ത് രാഹുലിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു, ഇതിനു പിന്നാലെ ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഭാര്യ നീതു ദാഹിയ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെയാണ് രാഹുല്‍ മകള്‍ വാമികയേയും കൊണ്ട് സൊസൈറ്റി പാര്‍ക്കിലേക്ക് പോയത്. പിന്നീട് ടവര്‍ 5ന്‍റെ 23ാം നിലയിലേക്കെത്തി കുഞ്ഞിനേയും കൊണ്ട് താഴേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയും മറ്റ് താമസക്കാരും രക്തത്തിൽ കുളിച്ചു കിടക്കുന്ന രാഹുലിനെയും മകളെയുമാണ് കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

2014ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 11വയസുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. രണ്ടു മാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസമാക്കിയത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു രാഹുലെന്ന് സഹോദരൻ പൊലീസിനു മൊഴി നല്‍കി. കുടുംബത്തിന് പരാതിയില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സബ് ഇന്‍സ്പെക്ടര്‍ ജഗ്മല്‍ സിങ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348208/father-commits-suicide-by-jumping-from-23rd-floor-while-holding-daughter)